Section

malabari-logo-mobile

പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കല്‍ സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി  പിണറായി വിജയന്‍

HIGHLIGHTS : സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കാനുള്ള ശ്രമങ്ങള്‍ മികവുറ്റ രീതിയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓരോ വിദ്യാ...

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കാനുള്ള ശ്രമങ്ങള്‍ മികവുറ്റ രീതിയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓരോ വിദ്യാലയവും എങ്ങനെ വേണമെന്ന് ഒരു മാസ്റ്റര്‍പ്ലാന്‍ ഒരുക്കുന്നതിന്റെ മികവുറ്റ നടപ്പാക്കല്‍ രീതി സംസ്ഥാനത്തൊട്ടാകെ നടക്കുന്നു. വിദ്യാലയത്തിന്റെ പശ്ചാത്തല സൗകര്യം മികച്ചതാക്കുക എന്നാല്‍ കെട്ടിടം മികച്ചതാക്കുക മാത്രമല്ല. അക്കാദമിക് നിലവാരമുയര്‍ത്തി ലൈബ്രറിയും ലാബോറട്ടറിയും ലോകോത്തര നിലവാരത്തിലാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനാണ് പൊതു വിദ്യാഭ്യാസ യജ്ഞം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാലയങ്ങളിലെ വിവിധ മേഖലകളിലെ മികവുകള്‍ അവതരിപ്പിക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംഘടിപ്പിച്ച ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ വിദ്യാലയവും മികവിന്റെ കേന്ദ്രമാക്കാന്‍ എല്ലാവരുടെയും കൂട്ടായ്മ  വളര്‍ന്നു വളരണം. ആധുനിക കാലത്തിന്റെ വിപുലമായ അറിവ് സ്വായത്തമാക്കാന്‍ ഓരോ കുട്ടിക്കും കഴിയണം. എല്ലാ വിദ്യാലയങ്ങളെയും ഒരുപോലെ ഒരേ മനസ്സോടെ ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രാന്റ് ഫിനാലെ വിജയികളായ സ്‌കൂളുകള്‍ക്ക് മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

sameeksha-malabarinews

പാലക്കാട് കോങ്ങാട് ഗവ. യു.പി. സ്‌കൂളും എറണാകുളം ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് ഒന്നാം സ്ഥാനത്തിനര്‍ഹരായത്. ഇവര്‍ക്ക് 12 ലക്ഷം രൂപ വീതവും പ്രശസ്തിപത്രവും ട്രോഫിയും മുഖ്യമന്ത്രി വിതരണം ചെയ്തു. മലപ്പുറം പി.പി.എം.എച്ച്.എസ് കോട്ടുകര രണ്ടാംസമ്മാനമായ പത്തുലക്ഷം രൂപയ്ക്ക് അര്‍ഹരായി. മൂന്നാം സമ്മാനമായ നാലു ലക്ഷം രൂപ തിരുവനന്തപുരം ആനാട് ഗവ. യു.പി. സ്‌കൂളും, കാസര്‍ഗോഡ് ചന്തേര ഇസത്തുല്‍ ഇസ്ലാം എ.യു.പി. സ്‌കൂളും കരസ്ഥമാക്കി.
പത്ത് സ്‌കൂളുകളാണ് അവസാന റൗണ്ടിലെത്തിയത്. ഈ സ്‌കൂളുകള്‍ക്ക് ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ധനമന്ത്രി ഡോ. തോമസ് ഐസക് സമ്മാനിച്ചു. ഒന്നര ലക്ഷത്തോളം കുട്ടികള്‍ ഈ അധ്യയനവര്‍ഷാരംഭത്തില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് ടിസി വാങ്ങി പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്നു എന്നത് സര്‍ക്കാരിനു ലഭിച്ച ഏറ്റവും വലിയ ജനകീയാംഗീകാരമാണെന്ന് ധനമന്ത്രി പറഞ്ഞു. ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുത്ത സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി സ്‌കൂളൊന്നിന് 50 ലക്ഷം രൂപ മുതല്‍ ഒരുകോടി വരെ നീക്കി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതു വിദ്യാലയങ്ങളില്‍ ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ സാധ്യമാക്കുകയും പരസ്പര പൂരകമായ അറിവുകള്‍ സ്വായത്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയും ചെയ്യുകയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  വലിയ സ്വപ്‌നമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഡയറക്ടര്‍ കെ.വി. മോഹന്‍ദാസ്, ജൂറി ചെയര്‍പേഴ്‌സണ്‍ പീയൂഷ് ആന്റണി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!