Section

malabari-logo-mobile

സ്‌കൂളുകള്‍ക്ക് പുതുതായി 36366 ലാപ്ടോപ്പുകള്‍ നല്‍കും;മന്ത്രി വി ശിവന്‍കുട്ടി

HIGHLIGHTS : Public Education Minister V Sivankutty informed in a press conference that 36,366 laptops will be made available through Kite in government-aided h...

തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍-എയിഡഡ് ഹൈസ്‌കൂളുകളില്‍ അടുത്ത മാസത്തോടെ 36366 ലാപ്ടോപ്പുകള്‍ കൈറ്റ് മുഖേന ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൈടക് സ്‌കൂള്‍ സ്‌കീമില്‍ ലാബുകള്‍ക്കായി 16500 എണ്ണം, വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 എണ്ണം, വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17506 എണ്ണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്നത്.

കിഫ്ബി ധനസഹായത്തോടെ എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ഇതിനകം 4752 സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളില്‍ 59532 ലാപ്ടോപ്പുകളും 43739 പ്രൊജക്ടറുകളും 43004 സ്പീക്കറുകളും 21841 സ്‌ക്രീനുകളും 4545 ടെലിവിഷനുകളും 4609 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററുകളും 4720 HD വെബ് ക്യാമറകളും 4578 ഡിസ്ലര്‍ ക്യാമറകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി 56244 ലാപ്ടോപ്പ്, 24381 പ്രൊജക്ടര്‍, 56240 സ്പീക്കര്‍ എന്നിവയും വിന്യസിച്ചു. മൊത്തം 625 കോടി രൂപയാണ് രണ്ടു പദ്ധതികള്‍ക്കുമായി കിഫ്ബിയിലൂടെ കൈറ്റ് ചെലവഴിച്ചിട്ടുള്ളത്. കിഫ്ബിക്കു പുറമെ പ്രാദേശിക തലത്തില്‍ സ്വരൂപിക്കപ്പെട്ട 135.50 കോടി കൂടി ചേര്‍ത്താല്‍ ഈ പദ്ധതിക്ക് ചെലവായ ആകെ തുക 760 കോടി രൂപയാണ്. ഇപ്രകാരം 4.4 ലക്ഷം ഉപകരണങ്ങള്‍ അഞ്ചു വര്‍ഷ വാറണ്ടിയോടെ സ്‌കൂളുകളിലുള്ളതായി മന്ത്രി പറഞ്ഞു.

sameeksha-malabarinews

രണ്ടു ലക്ഷം കമ്പ്യൂട്ടറുകളില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം 3000 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി 16500 ലാപ്ടോപ്പുകള്‍ നല്‍കുന്നതിന്റെ ടെണ്ടര്‍ നടപടികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി വിതരണം ആരംഭിച്ചു. Intel Core i3, 11th Generation ലാപ്ടോപ്പ് ഫെബ്രുവരി 15 മുതല്‍ ആരംഭിക്കുന്ന ഐ.ടി പ്രായോഗിക പരീക്ഷകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ വിതരണം പൂര്‍ത്തിയാക്കും. ഈ 16500 ലാപ്ടോപ്പുകള്‍ക്ക് മാത്രമായി 55.32 കോടി രൂപയാണ് ചെലവഴിക്കുന്നത്.

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കൈറ്റിന് ലഭിച്ച 1.05 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ലഭിച്ച 2.99 കോടി രൂപയും പ്രയോജനപ്പെടുത്തി മൂന്നു വര്‍ഷ വാറണ്ടിയുള്ള 2360 Celeron ലാപ്ടോപ്പുകളുടെ വിതരണം ഈ ആഴ്ച പൂര്‍ത്തിയായി. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 2021-ല്‍ സ്‌കൂളുകളുടെ ഉടമസ്ഥതയില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത 45313 ലാപ്ടോപ്പുകളില്‍ ആവശ്യമുള്ളവ അതത് സ്‌കൂളുകളില്‍ നിലനിര്‍ത്തിയ ശേഷം 17506 ലാപ്ടോപ്പുകള്‍ മറ്റു സ്‌കൂളുകളുടെ ലാബുള്‍പ്പെടെയുള്ള ഉപയോഗത്തിന് പുതുതായി ലഭ്യമാക്കിയിട്ടുണ്ട്. വയനാട് ജില്ലയില്‍ മാത്രം 4746 ലാപ്ടോപ്പുകള്‍ സ്‌കൂളുകള്‍ക്ക് ഇപ്രകാരം പുതുതായി ലഭിച്ചു. മലപ്പുറം (3325), കോഴിക്കോട് (2580), പാലക്കാട് (2382), കാസര്‍കോഡ് (1941) ജില്ലകള്‍ക്കാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ ലാപ്ടോപ്പുകള്‍ ലഭിച്ചത്.

32000 ലാപ്ടോപ്പുകള്‍ക്കുള്ള AMC (Annual Maintenance Contract) രണ്ട് വര്‍ഷത്തേക്ക് കൂടി പുതുക്കിയതായും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. ഇതിന്റെ തുടര്‍ച്ചയായി വാറണ്ടി കാലാവധി തീരുന്ന 90,000 ലാപ്ടോപ്പുകള്‍ക്കും 70,000 പ്രൊജക്ടറുകള്‍ക്കും AMC ഏര്‍പ്പെടുത്താന്‍ കൈറ്റ് നടപടികള്‍ സ്വീകരിക്കും. വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയില്‍ നടപ്പാക്കിയ ഏറ്റവും വലിയ ഐടി പ്രോജക്ടാണ് കേരളത്തിലെ ഹൈടെക് സ്‌കൂള്‍-ഹൈടെക് ലാബ് പദ്ധതികളെന്ന് മന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കൈറ്റ് സി.ഇ.ഒ കെ അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!