അഭിമാന നിമിഷം, ചടങ്ങില്‍ നില്‍ക്കുന്നത് വൈകാരിക ഭാരത്തോടെ: മോഹന്‍ലാല്‍

ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണ്. ഇന്ത്യന്‍ സിനിമാ ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍, അതിന്റെ സന്തോഷം പങ്കുവെക്കാനായി സ്വന്തം നാട്ടിലെത്തിയപ്പോള്‍, കേരള സര്‍ക്കാര്‍ നല്‍കുന്ന ഈ ആദരം ഹൃദയം നിറഞ്ഞ നന്ദിയോടെ സ്വീകരിക്കുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘ഇത് ഞാന്‍ ജനിച്ചുവളര്‍ന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്. എന്റെ അമ്മയും അച്ഛനും ജ്യേഷ്ഠനും ജീവിച്ച ഇടമാണ്. ജീവിതത്തിന്റെ സങ്കീര്‍ണതകളൊന്നുമറിയാതെ അവര്‍ക്കൊപ്പം ഞാന്‍ കഴിഞ്ഞ നാടാണ്. ഇവിടത്തെ കാറ്റും മരങ്ങളും വഴികളും പഴയ പലകെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്. എന്നെ ഈ കാണുന്ന ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ് ഈ സ്വീകരണം എനിക്ക് നല്‍കുന്നത്. ഈ സ്നേഹത്തിന് മുന്നില്‍ അനുഭവിക്കുന്ന വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷിക്ക് പോലും സാധിക്കുന്നില്ല” – സംസ്ഥാന സര്‍ക്കാരിന്റെ ആദരം ‘മലയാളം വാനോളം ലാല്‍സലാം’ പരിപാടിയില്‍ ഏറ്റുവാങ്ങി മറുമൊഴി നല്‍കുകയായിരുന്നു മോഹന്‍ലാല്‍.

ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷം സിനിമ എന്ന കലാരൂപത്തിനുവേണ്ടി ഫാല്‍ക്കെ സമര്‍പ്പിച്ച ജീവിതമാണ് എന്റെ മനസ്സിലൂടെ കടന്നുപോയത്. മുംബൈയിലെ ജെ. ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്സിലെ ചിത്രകലാ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം, ‘രാജാ ഹരിശ്ചന്ദ്രന്‍’ എന്ന സിനിമയിലേക്ക് നടന്നുപോയ ദൂരങ്ങള്‍, പഠനങ്ങള്‍, പരീക്ഷണങ്ങള്‍, അധ്വാനങ്ങള്‍ എന്നിവയെല്ലാം മനസ്സിലാക്കിയപ്പോള്‍, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ ഭൂമിയോളം ശിരസ്സ് നമിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നു. താനടക്കമുള്ള എല്ലാ ഇന്ത്യന്‍ അഭിനേതാക്കളും 120 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഈ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. ഇന്നത്തെ ഇന്ത്യന്‍ സിനിമ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നുവെങ്കിലും സിനിമാലോകത്തെ ഏറ്റവും തിളക്കമാര്‍ന്ന നക്ഷത്രം ദാദാസാഹിബ് ഫാല്‍ക്കെ തന്നെയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

സിനിമ എന്ന സങ്കീര്‍ണ കലാരൂപത്തെക്കുറിച്ച് യാതൊന്നും അറിയാതെ തിരുവനന്തപുരത്തെ തെരുവുകളില്‍വെച്ച് സിനിമ എടുക്കാന്‍ ധൈര്യപ്പെട്ട സുഹൃത്തുക്കളെയും, സിനിമയില്‍ കയറാനായി മദ്രാസിലേക്ക് പോയതും, സുഹൃത്തുക്കള്‍ ഫോട്ടോ സംവിധായകന്‍ ഫാസിലിന് അയച്ചുകൊടുത്തതും, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായി ക്യാമറയ്ക്ക് മുന്നില്‍ വന്നതും 48 വര്‍ഷത്തെ അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഓര്‍ക്കുന്നു.

അഭിനയകാലത്തെ ഒരു മഹാകൃതിയായി സമീപിച്ചാല്‍, താന്‍ തീരത്തെ മരച്ചിലയില്‍ നിന്ന് ഒഴുകിപ്പോകുന്ന ഒരിലയാണ്. ഒഴുക്കില്‍ മുങ്ങിപ്പോകുമ്പോള്‍ ഏതൊക്കെയോ കൈകള്‍ വന്ന് താങ്ങി. ആ കൈകളെല്ലാം പ്രതിഭയുടെ കയ്യൊപ്പുള്ളവയായിരുന്നു. അഭിനേതാവ് ഒരുപിടി കളിമണ്ണു മാത്രമാണ് മറ്റുള്ളവരുടെ കൈ സ്പര്‍ശിക്കുമ്പോള്‍ അതിന് വ്യത്യസ്ത രൂപം കൈവരുന്നു. തിരക്കഥാകൃത്തുക്കള്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, ക്യാമറാമാന്‍മാര്‍, മുഖത്ത് ചായം തേച്ചവര്‍, കഥാപാത്രങ്ങള്‍ക്ക് വെളിച്ചം നല്‍കിയവര്‍, അതുപോലെ തന്റെ കഥാപാത്രങ്ങളെ സ്വീകരിച്ച പ്രിയപ്പെട്ട മലയാളികള്‍ എന്നിവരോടൊക്കെയും കടപ്പെട്ടിരിക്കുന്നു. ‘ഇതുതന്നെയാണോ എന്റെ തൊഴില്‍?’ എന്ന് ആലോചിക്കുമ്പോഴും, ‘ലാലേട്ടാ’ എന്ന സ്നേഹത്തോടെയുള്ള വിളികള്‍ തന്നെ മഹാനദിയുടെ പരപ്പില്‍ മുങ്ങിപ്പോകുമ്പോള്‍ പിടിച്ചുയര്‍ത്തുന്നു. ഇനിയും ഒഴുകാന്‍ പറയുന്നു. ഏതൊരു കലാകാരനെന്നപോലെ തന്റെ ജീവിതത്തിലും കരിയറിലും ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ട്. വാനോളം പ്രശംസകളും പാതാളത്തോളം താഴ്ത്തുന്ന വിമര്‍ശനങ്ങളും താന്‍ അനുഭവിച്ചിട്ടുണ്ട്, രണ്ടിനെയും സമചിത്തതയോടെയാണ് കാണുന്നത്. തനിക്ക് അഭിനയം അനായാസമായ ഒരു കാര്യമല്ല. കാണുന്നവര്‍ക്ക് താന്‍ അനായാസമായി അഭിനയിക്കുന്നു എന്ന് തോന്നുന്നുവെങ്കില്‍ അത് തനിക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത ഒരു ശക്തിയുടെ അനുഗ്രഹമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഏതൊരു കലാകാരനും ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നത് അയാളുടെ കരങ്ങളാണെങ്കിലും, അത് എത്തിച്ചേരുന്നത് അയാളെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ച സമൂഹത്തിലേക്കാണ്. കാഴ്ചക്കാരുണ്ടായിരുന്നില്ലെങ്കില്‍ ആ കലാകാരന്‍ ഇല്ലാതാകുമായിരുന്നു എന്ന ബോധ്യം എപ്പോഴുമുണ്ട്. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും മലയാളിക്കും മലയാളത്തിനും കേരളത്തിനും സമര്‍പ്പിക്കുന്നു.

ഗംഭീരമായ ഈ സ്വീകരണം ഒരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ സജി ചെറിയാന്‍, വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, ജി ആര്‍ അനില്‍ എന്നിവരോടും പരിപാടിയില്‍ പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായി മോഹന്‍ലാല്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top