കുടിവെള്ളത്തിനായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കിയില്ല, അപകടങ്ങള്‍ നിത്യ സംഭവം, സി.പി.ഐ.എം വാട്ടര്‍ അതോറിറ്റി സെഷന്‍ ഓഫീസ് ഉപരോധത്തില്‍ പ്രതിഷേധമിരമ്പി

HIGHLIGHTS : Protests erupt as CPI(M) Water Authority session office blockaded

cite

തിരൂരങ്ങാടി: തിരൂരങ്ങാടിനഗരസഭ നടപ്പിലാക്കുന്ന സര്‍ക്കാറിന്റെ അമൃത് കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ അടിയന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. രാവിലെ പത്ത് മണിയോടെ തുടങ്ങിയ ഉപരോധം ഏറെ നേരം നീണ്ടു നിന്നു. ഓഫീസനകത്ത് കയറിയ പ്രതിഷേധക്കാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി റോഡ് നന്നാക്കുമെന്ന ഉറപ്പ് നല്‍കാതെ പിന്തിരിയില്ലെന്നറിയിച്ചതോടെ പരപ്പനങ്ങാടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അജ്മല്‍ കാലടിയെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി.

ടാറിംഗ് ഉടന്‍ ആരംഭിക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
കരിപറമ്പ് മുതല്‍ ചന്തപ്പടി വരെ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ അടിയന്തിരമായി നന്നാക്കുക, സുരക്ഷാ ബോര്‍ഡുകള്‍ അടക്കമുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി എടുത്ത മണ്ണ്, കോണ്‍ഗ്രീറ്റ് വേസ്റ്റുകള്‍, കുടിവെള്ള പൈപ്പുകള്‍ എന്നിവ റോഡിന്റെ ഇരുവശത്ത് നിന്നും ഫുഡ്പാത്തില്‍ നിന്നും നീക്കം ചെയ്യുക, അടിയന്തിരമായി പ്രവൃത്തി പൂര്‍ത്തീകരിച്ച് സാധരണ ഗതിയില്‍ റോഡാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

വാട്ടര്‍ അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ചത് കാരണം അപകടങ്ങള്‍ നിത്യ സംഭവമാണ്. താല്‍ക്കാലികമായി കല്ലിട്ട് റോഡ് അറ്റകുറ്റപ്പണികള്‍ നടത്തിയത് കാരണമായുള്ള എഡ്ജ്, ചിരല് എന്നിവയില്‍ നിരങ്ങി ബൈക്ക് യാത്രക്കാര്‍ക്ക് വലിയ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും കോമസ്റ്റേജില്‍ ചികില്‍ സയിലുള്ളവരുമുണ്ട്. അധ്യായന വാര്‍ഷം ആരംഭിച്ചതോടെ നടന്നു പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും യാത്ര വലിയ പ്രയാസമാണ്. ചെമ്മാട് കച്ചവടക്കാരും കാല്‍നടയാത്രക്കാരും വലിയ ദുരിതമാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

വിഷയത്തില്‍ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് സി.പി.ഐ.എം നല്‍കിയ പരാതിയില്‍ ജലവിഭവ വകുപ്പിന് അടിയന്തിര നിര്‍ദ്ധേശം നല്‍കിയിട്ടും റോഡ് നന്നാക്കാത്തതിനെ തുടര്‍ന്നാണ് ഉപരോധം സംഘടിപ്പിച്ചത്. ഒന്നര വര്‍ഷം കൊണ്ട് ഇരുവശത്തും പൈപ്പ് ലൈന്‍ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്ന ജലവിഭവ വകുപ്പ് ഇപ്പോഴും പകുതി പോലും പൂര്‍ത്തിയാക്കാത്ത സ്ഥിതിയാണ്. ഇതിന് കൃത്യമായ വിശദീകരണം നല്‍കാനോ എന്ന് പൂര്‍ത്തിയാകുമെന്ന് പറയാനോ കഴിയാത്ത അവസ്ഥയിലാണ് സി.പി.ഐ.എം സമരവുമായി രംഗത്തെത്തിയത്.

അമ്പലപ്പടിയില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിനകത്ത് കുത്തിയിരുന്നു മുദ്രാകാക്യം വിളിച്ചു. ഇതോടെ ചര്‍ച്ചക്ക് തയ്യാറായ ഉദ്യോഗസ്ഥര്‍ റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

സമരത്തിന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.പി ഇസ്മായീല്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഇ പി മനോജ്, കെ ടി ദാസന്‍, എ ടി ജാബിര്‍, എം റഫീഖ്, എം പി കൃഷ്ണന്‍കുട്ടി, കെ ഉണ്ണി മാഷ്, കെ ടി കുഞ്ഞാലന്‍കുട്ടി, കൗണ്‍സിലര്‍ സി.എം അലി എന്നിവര്‍ നേതൃത്വം നല്‍കി.
സമരക്കാര്‍ക്ക് ഉറപ്പ് തന്ന സമയത്തിനുള്ളില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ റോഡ് ഉപരോധവും പിഡബ്ല്യുഡി ഓഫീസ് മാര്‍ച്ച് അടക്കമുള്ള ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിപിഐഎം ലോക്കല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!