കൊച്ചി: എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. 23 വര്‍ഷം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവാണ്. ചലചിത്ര സംവിധായകന്‍ അമല്‍നീരദ് മകനാണ്. നടി ജ്യോതിര്‍മയി മരുമകളാണ്.
ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന ഹാസ്യ സാഹിത്യകൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത്. ഇരുപതു വര്‍ഷത്തോളം ‘ദേശാഭിമാനി’യില്‍ നടുക്കോളം എന്ന പക്തി എഴുതി. ജനശക്തി വാരികയിലും എഴുതിയിരുന്നു.
ഓമനക്കഥകള്‍, ഈഴവശിവനും വാരിക്കുന്തവും, അഭിനവശാകുന്തളവും, ശവംതീനികള്‍, കാല്പാട്, പരിഭാഷകള്‍, ഫാദര്‍ ഡെര്‍ജിയസ്, ഭ്രാന്തന്റെ ഡയറി, കാര്‍മില, തണ്ണീര്‍ തണ്ണീര്‍ എന്നിവയാണ് പ്രധാന കൃതികള്‍. 150ലേറെ കഥകളും 25 ലേറെ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട രാജനെക്കുറിച്ചെഴുതിയ ‘ശവം തീനികള്‍’ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്.
പെണ്ണമ്മ-രാഘവന്‍ ദമ്പതികളുടെ മകനായി കോട്ടയത്താണ് അദേഹം ജനിച്ചത്.
കോട്ടയം നായര്‍സമാജം ഹൈസ്‌കൂള്‍, സിഎംഎസ് കോളേജ്, കൊല്ലം എസ്എന്‍ കോളേജ്, ചങ്ങനാശേരി എസ്ബി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, സിനിമാ മാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയില്‍ പത്രപ്രവര്‍ത്തനം. നാലുവര്‍ഷത്തിലേറെ കേരള സര്‍ക്കാരിന്റെ പബ്ളിക് റിലേഷന്‍സ് വകുപ്പിലും പ്രവര്‍ത്തിച്ചു.




