കൊച്ചി: പ്രിയാ വര്‍ഗീസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിയില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കടക്കമുള്ള കടന്നുകയറ്റമാണ് മാധ്യമങ്ങള്‍ നടത്തിയത്. ഉത്തരവാദത്തോടെ റിപോര്‍ട്ട് ചെയ്യേണ്ട വലിയ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിധിയുടെ അവസാന ഭാഗത്താണ് മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ നിരീക്ഷണമുള്ളത്.
വിഷയം കൈകാര്യം ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് സംഭവിച്ച വീഴ്ചയെപ്പറ്റി വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. കോടതി മുറിയില്‍ ചര്‍ച്ച ചെയ്ത പല വിഷയങ്ങളും മാധ്യമങ്ങള്‍ ഏറ്റെടുത്ത് ചര്‍ച്ച ചെയ്തു. ചാനല്‍ ചര്‍ച്ചകളില്‍, പ്രിന്റ് മീഡിയയിലെ വിശകലനങ്ങളില്‍, സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിഷയം കൈകാര്യം ചെയ്യുന്നതില്‍ സംയമനം പാലിച്ചില്ല. കോടതി മുറിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഏത് വ്യക്തിയുടെ സ്വകാര്യതയും അന്തസ്സും ഹനിക്കുന്ന നിലയില്‍ പുറത്ത് ചര്‍ച്ചയാകരുതെന്നും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.
പ്രിയാ വര്‍ഗീസിന്റെ അസ്സോ. പ്രൊഫസര്‍ നിയമന ശിപാര്‍ശ അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി ഇന്നലെ രാവിലെയാണ് പുറത്തുവന്നത്. അതിനിടെ, വിധി പഠിച്ച് മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍ പ്രിയാ വര്‍ഗീസിന് ഉടന്‍ നിയമനം നല്‍കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല വി സി ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
നിലവില്‍ വിവിധ നിയമനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനമാണ് പ്രിയാ വര്‍ഗീസിന്റേത്. അധ്യാപക പരിചയം സംബന്ധിച്ച് യു ജി സിയോട് അഭിപ്രായം ചോദിച്ചിരുന്നെന്നും അന്നവര്‍ മറുപടി നല്‍കില്ലെന്നും എന്നാല്‍ കോടതി ഇപ്പോള്‍ മറുപടി നല്‍കിയെന്നും വി സി പറഞ്ഞു. കോടതി ഉത്തരവ് അനുസരിച്ച് തുടര്‍നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




