വിവിധ ഭാവങ്ങളില്‍ പൃഥ്വിരാജ്; ഗോള്‍ഡിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഗോള്‍ഡിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. വിവിധ ഭാവങ്ങളില്‍ നില്‍ക്കുന്ന പൃഥ്വിരാജാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ ഉള്ളത്. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നിവിന്‍ പോളിയുടെ പ്രേമം ഇറങ്ങി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമെന്ന പ്രത്യേകതയും ഗോള്‍ഡിനുണ്ട്. അല്‍ഫോണ്‍സിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോള്‍ഡ്.

ചിത്രത്തിന്റെ ടീസര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചിത്രത്തിന് ട്രെയിലര്‍ ഉണ്ടാകില്ലയെന്ന് സംവിധയകന്‍ അറിയിച്ചിരുന്നു. പകരം ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ റിലീസിന് മുമ്പ് പുറത്ത് വിടുമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചു. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോള്‍ഡില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര് സുമംഗലി ഉണ്ണികൃഷ്ണന്‍ എന്നാണ്. 2021ല്‍ ഇറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രം നിഴലിന് ശേഷമെത്തുന്ന നയന്‍താരയുടെ മലയാള ചിത്രമാണ് ഗോള്‍ഡ്.

ഇരുവരെയും കൂടാതെ ഷമ്മി തിലകന്‍, മല്ലിക സുകുമാരന്‍, വിനയ് ഫോര്‍ട്ട്, അല്‍താഫ് സലീം, സാബുമോന്‍, ചെമ്പന്‍ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, റോഷന്‍ മാത്യു, ലാലു അലക്‌സ്, ജാഫര്‍ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, സൈജു കുറിപ്പ്, ജസ്റ്റിന്‍ ജോണ്‍, ഫയ്‌സല്‍ മുഹമ്മദ്, എം ഷിയാസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്റെയും മാജിക് ഫ്രേയിംസിന്റെ ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്‌സ്, ആനിമേഷന്‍, കളര്‍ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top