ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവദാനത്തില്‍ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി ;മാതാപിതാക്കളെ അഭിനന്ദിച്ചു

ന്യൂഡല്‍ഹി: അവയവദാനത്തില്‍ പുതുചരിത്രം കുറിച്ച ആലിന്‍ ഷെറിന്‍ എബ്രഹാമിനെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തില്‍ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുഞ്ഞിന്റെ അവയവദാനത്തിന് സന്നദ്ധരായ ആലിന്റെ മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഏതൊരു രക്ഷിതാവിനും കുഞ്ഞിനെ നഷ്ടപ്പെടുന്നത് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചു. എന്തൊരു വലിയ തീരുമാനമാണ് രക്ഷിതാക്കള്‍ എടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തില്‍ പ്രതിഫലിച്ചത്. സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കള്‍ മുന്നോട്ട് വന്നത്. ആലിന്‍ ഇന്ന് നമുക്കൊപ്പമില്ല,എന്നാല്‍ അവളുടെ പേര് രാജ്യത്തെ പ്രായംകുറഞ്ഞ അവയവദാതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ആലിന്‍ ഷെറിന്റെ പേര് എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്ത് അവയവദാനത്തെക്കുറിച്ചുളള അവബോധം വര്‍ധിച്ചുവരികയാണെന്നും വൈദ്യശാസ്ത്ര ഗവേഷണത്തിനും ഉത്തേജനം ലഭിക്കുകയാണെന്നും ആലിനെ പോലെ അവയവദാനത്തിലൂടെ മറ്റൊരാള്‍ക്ക് പുതുജീവന്‍ല്‍കിയ നിരവധി പേരുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പത്തനംതിട്ട നെടുങ്ങാടപ്പള്ളി വാലുമണ്ണില്‍ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളായിരുന്നു പത്തുമാസം പ്രായമുള്ള ആലിന്‍. ഫെബ്രുവരി അഞ്ചിന് മാതാപിതാക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ എംസി റോഡില്‍ പള്ളം ബോര്‍മ കവലയില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ദിവസങ്ങളോളം ചികിത്സയിലായിരുന്നു ആലിന്‍. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെയാണ് മാതാപിതാക്കള്‍ അവയവദാനത്തിന് തീരുമാനിച്ചത്. നാലുകുട്ടികള്‍ക്ക് പുതുജീവനേകിയാണ് ആലിന്‍ യാത്രയായത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെയ്ന്റ് തോമസ് സിഎസ്‌ഐ പള്ളിയിലായിരുന്നു ആലിന്റെ സംസ്‌കാരം നടന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top