എന്‍ജിന്‍ ഫ്യൂവല്‍ സ്വിച്ചുകള്‍ ഓഫായിരുന്നുവെന്ന് അപകട കാരണം; അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ട്. ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ പൈലറ്റുമാരില്‍ ഒരാള്‍ മറ്റേയാളോട് ആരാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേള്‍ക്കാം. താനല്ല ചെയ്തത് എന്നാണ് രണ്ടാമന്റെ മറുപടി.

സഹപൈലറ്റ് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ്-ഇന്‍-കമാന്‍ഡായ സുമീത് സബര്‍വാള്‍ ഇത് നിരീക്ഷിക്കുകയായിരുന്നു. സബര്‍വാള്‍ ബോയിംഗ് 787 വിമാനം 8600 മണിക്കൂര്‍ പറത്തിയ പൈലറ്റാണ്. കുന്ദര്‍ 1,100 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുള്ളയാളുമായിരുന്നു. സര്‍വീസ് തുടങ്ങും മുന്‍പ് ഇരുവര്‍ക്കും മതിയായ വിശ്രമം ലഭിച്ചിരുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അപകട സമയത്ത് വിമാനത്തില്‍ 230 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവരില്‍ 15 പേര്‍ ബിസിനസ് ക്ലാസിലും 215 പേര്‍ ഇക്കോണമി ക്ലാസിലുമായിരുന്നു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പെട്ടത്.

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയില്‍ കണ്ടതിന് പിന്നാലെ ഇത് ഓണ്‍ ചെയ്തിരുന്നു. ഒരു എഞ്ചിന്‍ ഭാഗികമായി പ്രവര്‍ത്തനക്ഷമമായെങ്കിലും രണ്ടാമത്തെ എഞ്ചിന്‍ പ്രവര്‍ത്തിച്ചില്ല. സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം തകര്‍ന്നുവീഴുകയും ചെയ്തു. ഈ സ്വിച്ച് ആരെങ്കിലും ഓഫ് ചെയ്തതാകാമെന്നാണ് സംശയം. ഇവ യാന്ത്രികമായി പ്രവര്‍ത്തിക്കുന്നതല്ല. പൈലറ്റുമാരില്‍ ഒരാള്‍ സ്വിച്ച് ഓഫ് ചെയ്‌തോയെന്നാണ് ഉയരുന്ന സംശയം.

എഞ്ചിനുകളിലേക്കുള്ള വൈദ്യുതി ബന്ധം നഷ്ടപ്പെട്ടപ്പോള്‍, അടിയന്തര ഹൈഡ്രോളിക് പവര്‍ നല്‍കുന്നതിനായി പ്രൊപ്പല്ലര്‍ പോലുള്ള ഉപകരണമായ റാം എയര്‍ ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ചു. വിമാനം 32 സെക്കന്‍ഡ് മാത്രമാണ് ആകാശത്ത് പറന്നത്. വിമാനത്തില്‍ പക്ഷികള്‍ ഇടിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top