Section

malabari-logo-mobile

വോട്ടു രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ വരണാധികാരിക്ക് കൈമാറണം

HIGHLIGHTS : Postal ballot papers should be handed over to the Returning Officer

മലപ്പുറം: വോട്ടു രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ ബന്ധപ്പെട്ട വരണാധികാരിക്ക് കൈമാറണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. ഡിസംബര്‍ 16 ന് രാവിലെ എട്ട് മണിക്ക് മുമ്പ് വരെ ലഭിക്കുന്ന തപാല്‍ ബാലറ്റുകള്‍ വോട്ടെണ്ണലിന് പരിഗണിക്കും. ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ പോസ്റ്റല്‍ ബാലറ്റിനും കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ ബാലറ്റിനും ഇത് ബാധകമാണ്. വോട്ടര്‍മാര്‍ക്ക് ബാലറ്റും  സാക്ഷ്യപത്രവും നിശ്ചിത കവറുകളിലാക്കി അതാത് വരണാധികാരികള്‍ക്ക് അയക്കുകയോ നേരിട്ട് നല്‍കുകയോ ചെയ്യാം.
ത്രിതല പഞ്ചായത്തുകളിലെ ഒരു വരണാധികാരിക്ക് മറ്റ് തലങ്ങളിലെ പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിച്ചാല്‍ അന്ന് തന്നെ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് എത്തിക്കുന്നതിന് സ്‌പെഷ്യല്‍ മെസഞ്ചറെ ചുമതലപ്പെടുത്തും. പോസ്റ്റല്‍ ബാലറ്റ് കൊണ്ടു പോകുന്നതിന് വാഹനവും ആവശ്യമെങ്കില്‍ എസ്‌കോര്‍ട്ടും ഏര്‍പ്പെടുത്തും. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ ഒന്നിലധികം വരണാധികാരികളുണ്ടെങ്കില്‍ ഓരോ വരണാധികാരിക്കും ചുമതലയുള്ള വാര്‍ഡുകളുടെ കാര്യത്തില്‍ ഈ രീതിയാണ് സ്വീകരിക്കുക. പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ അടങ്ങിയ എല്ലാ കവറുകളും വോട്ടെണ്ണല്‍ ആരംഭിക്കുന്നതു വരെ വരണാധികാരി ഭദ്രമായി സൂക്ഷിക്കും. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ട് മണിക്ക് ശേഷം ലഭിക്കുന്ന തപാല്‍ ബാലറ്റുകള്‍ വരണാധികാരികള്‍ കൈപ്പറ്റിയ സമയവും തിയതിയും രേഖപ്പെടുത്തി തുറക്കാതെ പ്രത്യേക പായ്ക്കറ്റില്‍ സൂക്ഷിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!