തൃശൂര്‍ ചേര്‍പ്പില്‍ സഹോദരനെ അനിയന്‍ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് കണ്ടെത്തല്‍. കൊല്ലപ്പെട്ട ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തി. ചേര്‍പ്പ് സ്വദേശി കെ.ജെ.ബാബു കൊല്ലപ്പെട്ട കേസില്‍ പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട്ലാണ് നിര്‍ണായക വിവരം പുറത്തുവന്നത്. അനിയന്‍ സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ സാബുവിനെ റിമാന്‍ഡ് ചെയ്തു.
ഇന്നലെയാണ് ചേര്‍പ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ പ്രതി സാബു കഴുത്തുഞെരിച്ച് കൊന്നെന്നായിരുന്നു മൊഴി. എന്നാല്‍ ബാബുവിനെ കുഴിച്ചു മൂടുമ്പോഴും ജീവനുണ്ടായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മദ്യപിച്ച് ലക്കുകെട്ട ബാബുവിനെ കഴുത്ത് ഞെരിച്ചപ്പോള്‍ പെട്ടെന്ന് അബോധാവസ്ഥയിലായി. ഇതോടെ സഹോദരന്‍ മരിച്ചെന്ന് സാബു കരുതുകയായിരുന്നു. തുടര്‍ന്നാണ് സാബു ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കുഴിച്ചിട്ടത്. ബാബുവിന്റെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തി.



