പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; തിരൂരങ്ങാടിയില്‍ 9 പേരുടെ സ്വത്ത് കണ്ടുകെട്ടി

തിരൂരങ്ങാടി : പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേസില്‍ ഉള്‍പ്പെട്ടവരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യുന്ന നടപടി ആരംഭിച്ചു. ഹൈകോടതിയുടെ കര്‍ശനനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടപടി തുടങ്ങിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനകം നടപടി പൂര്‍ത്തീകരിക്കാനാണ് റവന്യൂ വകുപ്പിന്റെ നിര്‍ദേശം. ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്തുക്കള്‍ കൂട്ടത്തോടെ കണ്ടുകെട്ടുന്നത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തരുതെന്ന ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നടപടി.

ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളില്‍ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്. ഈ തുക ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികള്‍ നീളുന്നതില്‍ സര്‍ക്കാറിന് ഹൈകോടതിയുടെ വിമര്‍ശനവും നേരിടേണ്ടിവന്നു. നോട്ടീസ് പോലും നല്‍കാതെ ജപ്തിയുമായി മുന്നോട്ടുപോകാന്‍ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ആ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റവന്യൂ കമീഷണര്‍ ജപ്തി ഉത്തരവിറക്കിയത്.

തിരൂരങ്ങാടി താലൂക്കില്‍ 10 പേരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാനാണ് താലൂക് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഒരാളുടെ സ്വത്ത് കൈമാറ്റം ചെയ്തു കഴിഞ്ഞതിനാല്‍ 9 പേരുടെ സ്വത്തുക്കളാണ് കണ്ട് കെട്ടിയത്. എടരിക്കോട് ക്ലാരി സ്വദേശി ചെട്ടിയാം തൊടി അഷ്‌റഫ്, ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ പെഴുന്തരമ്മല്‍ ഷൗക്കത്തലി, വള്ളിക്കുന്ന് പരുത്തിക്കാട് അമ്പലക്കണ്ടി ഹംസക്കോയ, വള്ളിക്കുന്ന് കച്ചേരിക്കുന്ന കരുവളപ്പില്‍ റഹീം, നന്നംബ്ര തെയ്യാല പട്ടരാട്ട് റഫീഖ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെനക്കല്‍ കടക്കുളത്ത് ചാലിയില്‍ മുഹമ്മദ് ബഷീര്‍, ചെമ്മാട് സി കെ നഗര്‍ പള്ളിയാളി മൊയ്ദീന്‍ കുട്ടി, വേങ്ങര വലിയോറ കുറുക പാലച്ചിറ അബ്ദുറസാഖ്, വലിയോറ എളമ്പിലാശേരി മുഹമ്മദ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ട് കെട്ടിയത്. ഇന്നലെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ, പോലീസ് അധികൃതര്‍ എത്തിയാണ് നടപടി സ്വീകരിച്ചത്.

ജപ്തി ചെയ്യുന്ന വീടുകളും മറ്റ് സ്വത്തുക്കളും ലേലംചെയ്യും. നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ജില്ല അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23നകം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. പൊതുമുതല്‍ നശിപ്പിച്ചെന്ന കേസിലുള്‍പ്പെട്ട പ്രധാന നേതാക്കളുടേതടക്കം പട്ടിക ആഭ്യന്തരവകുപ്പ് കൈമാറിയതിന് പിന്നാലെ താലൂക്ക് അടിസ്ഥാനത്തിലാണ് ജപ്തി ആരംഭിച്ചത്. പോപുലര്‍ ഫ്രണ്ടിനെതിരെ എന്‍.ഐ.എയുടെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 22ന് ഉണ്ടായ നടപടിക്കെതിരെ 23നാണ് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയത്.

Share news
error: Content is protected !!
Scroll to Top