വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ(88) കാലം ചെയ്തു.ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാര്‍ച്ച് 23നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവില്‍ ഈസ്റ്റര്‍ ദിനത്തിലും മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ടിരുന്നു. ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ രാജിപ്രഖ്യാപനത്തെ തുടര്‍ന്നാണ് 2013 മാര്‍ച്ച് 19 ന് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ എന്നതാണ് യഥാര്‍ത്ഥ പേര്. വിശുദ്ധ ഫ്രാന്‍സീസ് അസീസിയോടുള്ള ബഹുമാനാര്‍ത്ഥം ‘ഫ്രാന്‍സിസ്’ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.
ബ്യൂണസ് അയേഴ്‌സില്‍ ഇറ്റലിയില്‍ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളില്‍ ഒരാളായി 1936ല്‍ ഡിസംബര്‍17ന് ആണ് ബെര്‍ഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയില്‍ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയില്‍ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.
സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകരാഷ്ട്രീയത്തില്‍ അദേഹം നിര്‍ണായകമായ ഇടപെടലുകള്‍ നടത്തി. ക്യൂബയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിന് അയവുവരുത്തുന്നതിലും പങ്കുവഹിച്ചു. ബാലപീഡനം, ലൈംഗീക കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ട വൈദീകര്‍ക്കും മെത്രാന്‍മാര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. വനിതകള്‍ക്കു സഭാഭരണത്തില്‍ പ്രാതിനിധ്യം നല്‍കുന്നതിലും ഭിന്നലൈംഗികവിഭാഗങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും മുന്‍കൈയെടുത്തു.




