Section

malabari-logo-mobile

പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഓരോ തുള്ളി വെള്ളം ഉപയോഗിക്കുമ്പോഴും ഭൂമിയിലെ ശുദ്ധജലത്തിന്റ...

പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഓരോ തുള്ളി വെള്ളം ഉപയോഗിക്കുമ്പോഴും ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് അനുദിനം കുറയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും ഈ പദ്ധതിയിലൂടെ ലഭിക്കുന്ന കുടിവെള്ളത്തിന് ആ മൂല്യം കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊന്നാനി താലൂക്കിലെ മൂന്നര ലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രതിദിനം 50 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണിത്. കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കിയ ഈ പദ്ധതിയുടെ പ്രദേശത്തെ ജനങ്ങളുടെ ശുദ്ധജല ക്ഷാമം പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊന്നാനിയുടെ സ്വപ്ന പദ്ധതിയാണിതെന്നും മലപ്പുറം ജില്ലയിലെ ജലവിതരണത്തിന്റെ ആസ്ഥാനമായി പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി മാറുമെന്നും ചടങ്ങില്‍ അധ്യക്ഷനായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 50 വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതിയാണിതെന്നും
ശുദ്ധജലം ലഭിക്കുക എന്നത് മനുഷ്യന്റെ ഏറ്റവും ആദ്യത്തെ അവകാശമാണെന്നും സ്പീക്കര്‍ പറഞ്ഞു. പൊന്നാനി താലൂക്കിലെ എല്ലാ പഞ്ചായത്തുകള്‍ക്കും അടുത്ത ദിവസം മുതല്‍ മൂന്ന് ഘട്ടങ്ങളില്‍ ശുദ്ധീകരിച്ച ശുദ്ധജലം ലഭിക്കുന്നതിന്റെ ചരിത്ര മുഹൂര്‍ത്തമാണിതെന്നും ജലജീവന്‍ മിഷനിലൂടെ താലൂക്കില്‍ ഒരോ വീട്ടിലും ശുദ്ധജലം യാഥാര്‍ത്ഥ്യമാക്കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. പമ്പിംഗ് സ്റ്റേഷന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ശിലാഫലകം അനാച്ഛാദനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.

നരിപ്പറമ്പില്‍ അത്യാധുനിക വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റോടു കൂടിയ പദ്ധതിയിലൂടെ പൊന്നാനി നിയോജക മണ്ഡലം പൂര്‍ണ്ണമായും തവനൂര്‍ നിയോജക മണ്ഡലത്തിലെ തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കും ശുദ്ധജലം ലഭിക്കും. ഭാരതപ്പുഴയില്‍ നിര്‍മ്മിച്ചിട്ടുള്ള 12 മീറ്റര്‍ വ്യാസമുള്ള കിണറും പമ്പ് ഹൗസും 84 മീറ്റര്‍ നീളത്തില്‍ എം.എസ് റോവാട്ടര്‍ പമ്പിംഗ് മെയിന്‍, പ്രതിദിനം 50 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജല ശുദ്ധീകരണശാലയും ഓഫീസ് സമുച്ചയവും, 22 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധജല ഭൂതല സംഭരണി, സ്റ്റാഫ് ക്വോര്‍ട്ടേഴ്സുകളും സ്റ്റോര്‍ ബില്‍ഡിംഗും, ഇന്‍സ്പെക്ഷന്‍ ബംഗ്ലാവും കോണ്‍ഫറന്‍സ് ഹാളും, പമ്പ് സെറ്റുകള്‍, ഡി.ഐ ശുദ്ധജല പംമ്പിംഗ് മെയിന്‍, ചുറ്റുമതിലും സംരക്ഷണ ഭിത്തി നിര്‍മാണവും എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. 74.4 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതി ഏകദേശം 66 കോടി രൂപ ചെലവിലാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ശുദ്ധീകരിച്ച കുടിവെള്ളം കൂരടയിലുള്ള ഡാനിഡ പദ്ധതിയുടെ ടാങ്കിലേക്ക് കൊടുത്താണ് നന്നംമുക്ക്, ആലങ്കോട്, തവനൂര്‍, എടപ്പാള്‍, വട്ടംകുളം, കാലടി ഗ്രാമപഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്നത്. പൊന്നാനി നഗരസഭയിലേക്കും മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ടാങ്കുകളിലേക്കും ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് നേരിട്ട് വെള്ളം പമ്പ് ചെയ്യും.

പൊന്നാനി താലൂക്കിലെ ശുദ്ധജല ആവശ്യം 50 കൊല്ലം മുന്നില്‍ കണ്ട് കൊണ്ടുള്ള ട്രീറ്റ്മെന്റ് പ്ലാന്റാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് ആനുപാതികമായ കപ്പാസിറ്റിയോടു കൂടി വിതരണ ശൃംഖലയും പുതുക്കി പണിയും. അതിന്റെ ഒന്നാം ഘട്ടത്തിനായി 125 കോടി രൂപ കിഫ്ബിയില്‍ ഭരണാനുമതിയായതോടെ വിതരണ ശൃംഖല സമഗ്രമായി പുനര്‍ നിര്‍മ്മിക്കും.പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!