പൊന്നാനി പൈതൃകം ഇനി ടൂറിസം ഭൂപടത്തില്‍ ; പെപ്പര്‍ സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭ സംഘടിപ്പിച്ചു

പൊന്നാനി: നാട്ടുകാഴ്ചകളും, തനത് സംസ്‌കാരവും, നാടന്‍ ഭക്ഷണ വൈവിധ്യവും വരുമാന മാര്‍ഗ്ഗമാക്കി മാറ്റുന്നതിനോടൊപ്പം പൊന്നാനിയുടെ സംസ്‌ക്കാരത്തെ ലോകത്തിന് മുന്നില്‍ തുറന്നിടാന്‍ പെപ്പര്‍ പദ്ധതി തയ്യാറാവുന്നു. ഇതിന്റെ ഭാഗമായി പൊന്നാനിയുടെ ടൂറിസം സാധ്യതകളെ ജനകീയ പങ്കാളിത്തത്തോടെ
സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനായി പെപ്പര്‍ സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭ സംഘടിപ്പിച്ചു. പൊന്നാനി ഏ.വി.എച്ച്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഗ്രാമസഭ സംഘടിപ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പൊന്നാനി
നഗരസഭയില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് പെപ്പര്‍. ടൂറിസം മേഖലയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്കു കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതിയില്‍ പൊന്നാനി മണ്ഡലത്തിലെ എല്ലാ ടൂറിസം സാധ്യതകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള വിപുലമായ
പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പൊന്നാനിയുടെ സ്വന്തമായ വിവിധ ടൂറിസം സാധ്യതകളും ജനങ്ങളുടെ കഴിവും കരവിരുതുകളും പാരമ്പര്യങ്ങളും അവരുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയും
വിവിധ പാക്കേജുകളായി പദ്ധതിയിലൂടെ നടപ്പിലാക്കും. ഹെറിറ്റേജ്,
മത്സ്യബന്ധനം, കയര്‍ സംസ്‌കരണം, കളിമണ്‍ പാത്ര നിര്‍മ്മാണം, കായല്‍ സവാരി, കടല്‍ അറിവുകള്‍ , പൊന്നാനി പലഹാരങ്ങള്‍, ഭക്ഷണം, ഖവ്വാലി, ഗസല്‍ സംഗീത ധാരകള്‍, പൈതൃക ഭവനങ്ങളിലെ താമസം, പുഞ്ചക്കോള്‍ മേഖലയിലെ കൃഷി
പരിചയം, പരിസ്ഥിതി പഠനം തുടങ്ങി സാധാരണ ജനങ്ങളുടെ ജീവിതവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നതാണ് പദ്ധതി.

ഗ്രാമസഭയില്‍ ഏഴു ഗ്രൂപ്പുകളായി തരം തിരിച്ച് വ്യത്യസ്ഥ മേഖലകളില്‍ ചര്‍ച്ച നടന്നു. പദ്ധതിയുടെ ഭാഗമായി പൊന്നാനിയില്‍ ടൂറിസം റിസോഴ്സസ് മാപ്പിങ് നടത്താനും വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജ് നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. ഗ്രാമസഭ പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്വ ടൂറിസം മിഷന്‍
കോഴിക്കോട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീകലാ ലക്ഷ്മി പദ്ധതി വിശദീകരണം നടത്തി. വൈസ്ചെയര്‍പേഴ്സണ്‍ വി.രമാദേവി അധ്യക്ഷയായി. സ്ഥിരസമിതി ചെയര്‍മാന്‍മാരായ ഒ.ഒ.ശംസു, ടി.മുഹമ്മദ് ബഷീര്‍, അശ്റഫ് പറമ്പില്‍, ഷീന സുദേശന്‍, റീന പ്രകാശന്‍, കൗണ്‍സിലര്‍മാരായ എം.പി. നിസാര്‍, എ.കെ.ജബ്ബാര്‍, പ്രദോഷ്, കെ.ഗണേശന്‍, ഡി.ടി.പി.സി അംഗം പി.വി അയ്യൂബ്
എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top