പൊന്നാനി: ശുചിത്വ നഗര പദവി കൈവരിച്ച് പൊന്നാനി നഗരസഭ. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ശുചിത്വ നഗര പദവി പ്രഖ്യാപനം നടത്തി. ശുചിത്വ പദവി ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പതിനൊന്ന് നിബന്ധനകളില്‍ ആറെണ്ണം കൈവരിച്ചാല്‍ തന്നെ ഈ പദവി ലഭിക്കാമെന്നിരിക്കെ പതിനൊന്ന് നിബന്ധനകളും നേടിയാണ് പൊന്നാനി ഈ നേട്ടം കൈവരിച്ചത്.
എം.സി.എഫ്, ഹരിതകര്‍മ്മ സേന, ആര്‍.ആര്‍.എഫ് ഒരുക്കല്‍, പൊതു ശൗചാലയങ്ങള്‍, ഗ്രീന്‍ പ്രോട്ടോകോള്‍, പ്ലാസ്റ്റിക് നിരോധനം, മാലിന്യ സംസ്‌കരണ ചട്ടങ്ങളും നിയമങ്ങളും പ്രാബല്യത്തിലാക്കല്‍, ഗാര്‍ഹിക മാലിന്യ സംസ്‌കരണ ഉപാധികളുടെ വിതരണം, മാലിന്യ നിക്ഷേപം കുറഞ്ഞ പൊതു സ്ഥലങ്ങള്‍, സാമൂഹ്യ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍. ഇത്രയും നേട്ടങ്ങള്‍ കൈവരിച്ച് 92 ശതമാനം മാര്‍ക്ക് നേടിയാണ് പൊന്നാനി നഗരസഭ അസുലഭമായ നേട്ടം കൈവരിച്ചത്. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വഛ് സര്‍വേഷന്‍ സര്‍വേയില്‍ കേരളത്തില്‍ മൂന്നാം സ്ഥാനവും പൊന്നാനി നേടിയിട്ടുണ്ട്.
പ്ലാസ്റ്റിക് ശേഖരണത്തിന് നഗരസഭ ഓഫീസില്‍ കൗണ്ടര്‍ ആരംഭിച്ച ആദ്യ നഗരസഭയാണ് പൊന്നാനി. നിലവില്‍ ശേഖരിച്ച പ്ലാസ്റ്റിക് സൂക്ഷിക്കുന്നതിനായി വിവിധ ഇടങ്ങളിലായി 12 എം.സി.എഫുകള്‍ പ്രവര്‍ത്തിക്കുന്നു. പ്ലാസ്റ്റിക് റീസൈക്ളിങ് ചെയ്യുന്നതിനായി നഗരസഭാ കോമ്പൗണ്ടില്‍ തന്നെ ഒരു ആര്‍.ആര്‍.എഫ് സജ്ജമായിട്ടുണ്ട്. വാര്‍ഡുകളില്‍ എത്തി വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് 48 അംഗ ഹരിതകര്‍മ്മ സേന നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിനായി ജനകീയാസൂത്രണ പദ്ധതി പ്രകാരം സംസ്‌കരണോപാധികള്‍ വിതരണം ചെയ്തു. റിങ് കമ്പോസ്റ്റ് വിതരണ പദ്ധതി പുരോഗമിക്കുന്നുണ്ട്. നഗരസഭ ഇതുവരെ മൂന്ന് തുമ്പൂര്‍മുഴി മാതൃകയിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പൊതു സ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപം തടയുന്നതിന് ക്യാമറകള്‍ സ്ഥാപിച്ചു. പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു പിഴ ഈടാക്കി. രാത്രി കാല ഹെല്‍ത്ത് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. നഗരസഭയിലെ വിവിധ ഇടങ്ങളില്‍ പൊതു ടോയ്ലറ്റുകള്‍ സ്ഥാപിച്ചു. സോളിഡ് ആന്‍ഡ് ലിക്വിഡ് മാലിന്യ ചട്ടം നഗരസഭയില്‍ നടപ്പിലാക്കി. കൃഷി, മാലിന്യ സംസ്‌കരണം തുടങ്ങിയവയില്‍ ഹരിത കേരള മിഷന്‍ ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രഥമ ഹരിത അവാര്‍ഡ് നേടിയ നഗരസഭയാണ് പൊന്നാനി.
കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് സ്പീക്കര്‍ ശുചിത്വ നഗര പ്രഖ്യാപനം നടത്തിയത്. വീടുകളില്‍ ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിനായി തയ്യാറാക്കിയ യൂസര്‍ ഫീ പുസ്തകം ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി പ്രകാശനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഷീനാ സുദേശന്‍, ശുചിത്വ മിഷന്‍ ജില്ലാ ആര്‍.പി തേറയില്‍ ബാലകൃഷ്ണന്‍, നിറവ് പ്രതിനിധി ബാബു, നഗരസഭാ സെക്രട്ടറി ആര്‍. പ്രദീപ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്ത് എന്നിവര്‍ സംബന്ധിച്ചു.




