Section

malabari-logo-mobile

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കി പൊലീസ്

HIGHLIGHTS : Police provide heavy security to CM in Kannur

ഔദ്യോഗിക പരിപാടികള്‍ക്കായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ യൊരുക്കി പൊലീസ്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് 700 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാനായി പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്നാ സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങള്‍ ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്തും എറണാകുളത്തും മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലും മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴിയിലും നിന്നും കറുത്ത മാസ്‌കുകളും കറുത്ത വസ്ത്രം ധരിച്ചവരെയുമടക്കം പൊലീസ് നീക്കം ചെയ്തിരുന്നു. ഇത് കൂടുതല്‍ പ്രതിഷേധത്തിന് കാരണമായി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരില്‍ മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിക്കില്ലെന്ന് പൊലീസ് അറിയിച്ചു. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

കണ്ണൂരിലെത്തിയ മുഖ്യമന്ത്രി ഇന്ന് രാവിലെ 10.30 ന് തളിപ്പറമ്പ് – ശ്രീകണ്ഠപുരം സംസ്ഥാന പാതയിലെ കരിമ്പം ഇടിസിയിലുള്ള കില ക്യാംപസില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയില്‍് പങ്കെടുക്കും. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസ് കേരളയുടെ ഉദ്ഘാടനവും ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ സമുച്ചയത്തിന്റെ ശിലാസ്ഥാപനവും കാമ്പസിനകത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും.

sameeksha-malabarinews

ശനിയാഴ്ച രാത്രി തൃശൂര്‍ രാമനിലയത്തില്‍ തങ്ങിയ മുഖ്യമന്ത്രിക്കുവേണ്ടി ഇതിനു മുന്നിലെ പാലസ് റോഡ് 14 മണിക്കൂര്‍ അടച്ചിട്ടു. ഇന്നലെ രാവിലെ 9ന് തൃശൂരില്‍നിന്നു യാത്ര തുടങ്ങിയ മുഖ്യമന്ത്രി രാത്രി കോഴിക്കോട്ടുനിന്നു കണ്ണൂരിലേക്കു പുറപ്പെടുംവരെ വഴിയിലുടനീളവും അദ്ദേഹം പങ്കെടുത്ത ചടങ്ങുകളിലും അതീവസുരക്ഷയും നിയന്ത്രണങ്ങളും ഉണ്ടായിരുന്നു.

ഇന്നലെ രാത്രിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കോഴിക്കോട്ടെ പരിപാടികള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്വന്തം നാടായ കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിലായിരുന്നു പ്രതിഷേധമുണ്ടായിരുന്നത്. പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വൈകീട്ടോടെ കണ്ണൂരിലെത്തിയ പിണറായി വിജയന്‍, വീടിന്റെ പരിസരത്ത് രാത്രിയില്‍ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാത്രി വീട്ടില്‍ തങ്ങിയില്ല. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയിരുന്നു. പൊലീസിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പിണറായിയിലെ സ്വന്തം വീട്ടില്‍ താമസിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും സുരക്ഷ ഒരുക്കാനുള്ള ബുന്ധിമുട്ട് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി താമസം കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!