Section

malabari-logo-mobile

ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്

HIGHLIGHTS : Police has released the CCTV footage believed to belong to the accused in the train fire incident

കോഴിക്കോട്: എലത്തൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്. ഒരാള്‍ നിരന്തരം ഫോണ്‍ ചെയ്യുന്നതും ഇരുചക്രവാഹനത്തില്‍ കയറി പോവുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. എലത്തൂരിലെ റെയില്‍വേ ട്രാക്കിന് തൊട്ടടുത്തുള്ള ഒരു പള്ളിയുടെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത് പുറത്തുവിട്ടിരിക്കുന്നത്. കേസില്‍ ഏറെ നിര്‍ണായകമായേക്കാവുന്ന ദൃശ്യങ്ങളാണിതെന്നാണ് റിപ്പോര്‍ട്ട്

ട്രെയിനിലുണ്ടായിരുന്ന റാഷിക്ക് എന്ന യാത്രക്കാരന്റെ സഹായത്തോടെ പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് പോലീസ്. റാഷിക്ക് ഫറൂഖ് സ്റ്റേഷനില്‍ നിന്ന് കയറുമ്പോള്‍ അക്രമിയും ട്രെയിനിലുണ്ടായിരുന്നു. ഏറെനേരും ഇരുവരും അഭിമുഖമായി ഇരുന്നതിനാല്‍ റാഷിക്കിന്റെ സഹായത്തോടെ പ്രതിയുടെ മുഖം വ്യക്തമാകുന്ന രേഖാ ചിത്രം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എലത്തൂര്‍ പോലീസ് സ്റ്റേഷനില്‍വെച്ചാണ് രേഖാ ചിത്രം തയ്യാറാക്കുന്നത്. പൂര്‍ത്തിയായി കഴിഞ്ഞാല്‍ രേഖാചിത്രം ഉടന്‍ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.ട്രെയിനില്‍ തീവെപ്പ്, വധശ്രമം തുടങ്ങി അഞ്ചു വകുപ്പുകള്‍ ചുമത്തി റെയില്‍വേ പോലീസ് കേസെടുത്തു. പ്രതിയ്ക്ക് മാവോയിസ്റ്റ്-തീവ്രവാദബന്ധമുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഈ പശ്ചാത്തലത്തില്‍ തീവ്രവാദ വിരുദ്ധ സക്വാഡും എന്‍.ഐ.എയും പ്രാഥമിക അന്വേഷണത്തിനൊരുങ്ങുന്നതായാണ് വിവരം.

sameeksha-malabarinews

ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയ അക്രമി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. അട്ടിമറി എന്ന നിഗമനത്തിലേക്കു തന്നെയാണ് പോലീസ് എത്തുന്നത്. സാഹചര്യത്തെളിവുകള്‍ കൃത്യം പെട്ടെന്നുള്ള പ്രകോപനത്തില്‍ ചെയ്തതല്ല മറിച്ച ആസൂത്രിതമാണ് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇയാള്‍ ഉത്തരേന്ത്യക്കാരനാണോയെന്ന സംശയത്തിലും പോലീസ് എത്തിനില്‍ക്കുന്നുണ്ട്. നേരത്തെ കണ്ടെത്തിയ പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. രണ്ടു ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്ന് കുറിപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. മൃതദേഹം കിട്ടിയ സ്ഥലത്തിന് തൊട്ടടുത്താണ് ബാഗ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുപ്പി പെട്രോള്‍ ഉണ്ടായിരുന്നു. നോട്ട്ബുക്ക്, ലഘുഭക്ഷണം, വസ്ത്രം, കണ്ണട, ഒരു പേഴ്‌സ്, മറ്റുചില വസ്തുക്കള്‍ എന്നിവ ബാഗില്‍ നിന്ന് കണ്ടെത്തി. ബാഗില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും പേഴ്‌സില്‍ നിന്ന് കഷ്ണം കടലാസും ഫോറന്‍സിക് സംഘം കണ്ടെത്തി.

ഒട്ടേറെ ദുരൂഹത നിറഞ്ഞതാണ് കണ്ടെത്തിയ നോട്ട്ബുക്കിലെ കുറിപ്പുകള്‍. ഡയറിക്കുറിപ്പുകള്‍ പോലെ കൃത്യമായ തീയതി നല്‍കിയിട്ടുണ്ട്. ജീവിതത്തില്‍ നേടേണ്ട ലക്ഷ്യങ്ങള്‍, പണം കുറച്ചു ചെലവാക്കണം, പുകയില ഉപയോഗം നിര്‍ത്തണം, വിവിധ സ്ഥലപ്പേരുകള്‍ തുടങ്ങി പരസ്പരബന്ധമില്ലാത്ത പല കാര്യങ്ങളും കുറിച്ചിട്ടുണ്ട്. പല ആകൃതിയിലും വലിപ്പത്തിലും എസ് എന്ന ഇംഗ്ലീഷ് അക്ഷരം നോട്ട്ബുക്കില്‍ കാണാം. ചിലരുടെ പേരുകളും പലഭാഗത്തായി കുറിച്ചിട്ടുണ്ട്. ഇതില്‍ അക്രമിയുടെ പേരുണ്ടോ എന്ന സംശയത്തിലാണ്. കുറിപ്പില്‍ ആവര്‍ത്തിച്ചെഴുതിയ ചില പേരുകളില്‍ നിന്ന് ഇയാള്‍ക്ക് മറ്റാരുടേയോ സഹായം കിട്ടിയതായി സൂചനയുണ്ട്.

സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി കേരളാ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!