പി.എന്‍. പണിക്കരുടെ സ്മരണയില്‍ ‘മൊരമ്പന്‍ ക്ലാസിലെ’ അധ്യാപകനും കുട്ടിയും

unnamed (1)പെയിന്റിങ് തൊഴിലാളിയാണ് പനമ്പുഴ മുഹമ്മദ്. വയസ്സ് 63. മേല്‍മുറി വില്ലേജ് ഓഫീസിനടുത്തുള്ള വീട്ടില്‍ നിന്നും രാവിലെ നേരത്തെ പെയിന്റിങ് ജോലിക്ക് പോയാല്‍ വൈകീട്ട് ഏഴ് മണിയാവും തിരിച്ചെത്താന്‍. എങ്കിലും വൈകീട്ട് മുടങ്ങാതെ പത്രം വായിക്കും. പത്രമെടുക്കുമ്പോള്‍ ഓര്‍മയിലെത്തുക വായന സാധ്യമാക്കിയ പണ്ടത്തെ മൊരമ്പന്‍ ക്ലാസ്സാണ്. വയസായവര്‍ മാത്രം പങ്കെടുത്തിരുന്ന സാക്ഷരതാ ക്ലാസുകള്‍ ‘മൊരമ്പന്‍ ക്ലാസ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ മൊരമ്പന്‍ ക്ലാസ്സില്‍ 30 വയസ്സിന് താഴെയുള്ള പഠിതാക്കളുമുണ്ടായിരുന്നു. മേല്‍മുറി പോസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ കോണ്‍ട്രാക്റ്ററായ പി.വി. ബീരാന്‍ഹാജി സൗജന്യമായി അനുവദിച്ച സ്ഥലത്തായിരുന്നു ക്ലാസ്. ഇന്നിവിടെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലമാണ്.

സാക്ഷരതാ പ്രസ്ഥാനത്തിന് തുടക്കമിട്ട് പി.എന്‍. പണിക്കര്‍ സംസ്ഥാനം മുഴുവന്‍ സഞ്ചരിക്കുന്ന കാലത്ത് 35 വര്‍ഷം മുന്‍പ് ഇവിടെയും എത്തിയിരുന്നു. അന്നത്തെ വാര്‍ഡ് കൗണ്‍സിലറായ മുഹമ്മദ് കുട്ടി ഹാജിയായിരുന്നു ക്ലാസുകളുടെ ഏകോപനം നടത്തിയിരുന്നത്. ഇന്നത്തെ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു അന്ന് നഗരസഭ ചെയര്‍മാന്‍. സാക്ഷരതാ ക്ലാസ് ഉദ്ഘാടനം ചെയ്യാനെത്തിയ സൗമ്യനായ പി.എന്‍. പണിക്കര്‍ എല്ലാവര്‍ക്കും കൈകൊടുത്ത് സാക്ഷരതാ പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്തത് അഞ്ചാം വാര്‍ഡ് കൗണ്‍സിലറായിരുന്ന പി.പി. കുഞ്ഞന്‍ ഓര്‍ക്കുന്നു.

കോട്ടപ്പടി സ്റ്റേഡിയത്തിനടുത്ത് മേല്‍മുറി ജ്വല്ലറി നടത്തുന്ന തോട്ടപ്പാളി രായിന്‍കുട്ടിയെപ്പോലുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് അന്ന് ക്ലാസെടുത്തിരുന്നത്. ജനപ്രതിനിധികളും കൃഷിക്കാരും വ്യാപാരികളും തൊഴില്‍രഹിതരുമടങ്ങുന്ന ക്ലാസ്സില്‍ ഇംഗ്ലീഷും പഠിപ്പിച്ചത് ഭാവിയില്‍ ഉപകാരപ്രദമായെന്ന് പലരും നന്ദിയോടെ സ്മരിച്ചിട്ടുണ്ടെന്ന് രായിന്‍കുട്ടി. കുടുംബ പ്രാരാബ്ധങ്ങള്‍ മൂലം മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്ന മുഹമ്മദിനെ പോലെ 40 ഓളം പേര്‍ അന്ന് മൊരമ്പന്‍ ക്ലാസിലുണ്ടായിരുന്നു. എല്ലാവരും വിവിധ ജോലികള്‍ക്ക് പോകുന്നവര്‍. തിരിച്ചെത്തി വൈകീട്ട് ഏഴിന് തുടങ്ങി രാത്രി ഒമ്പതിന് ശേഷവും നീണ്ട് പോകുന്ന ക്ലാസുകള്‍. ക്ലാസിനിടയില്‍ ഒരു ചായയും ബിസ്‌ക്കറ്റും. രോഗിയായ അച്ഛനും താഴെ സഹോദരങ്ങളും-ഇവര്‍ക്ക് താങ്ങാവാന്‍ പാതിവഴിയില്‍ പഠനം മുടക്കി തൊഴിലെടുത്തപ്പോഴും മുഹമ്മദ് അക്ഷരങ്ങളേയും ഒപ്പം കൂട്ടി. രണ്ട് വര്‍ഷത്തോളം ക്ലാസിലിരുന്നത് വെറുതെയായില്ലെന്ന് മുഹമ്മദ്. പി.എന്‍. പണിക്കര്‍ വിഭാവനം ചെയ്തതു പോലെ മുഹമ്മദും മറ്റ് പലരും വായിച്ച് വളര്‍ന്നു.

35 വര്‍ഷത്തിനിപ്പുറം സന്നദ്ധ പ്രവര്‍ത്തനമെന്നതിലുപരി സാക്ഷരതാ ക്ലാസുകള്‍ക്ക് ഔദ്യോഗിക സംവിധാനങ്ങളായി. രാത്രി ക്ലാസുകള്‍ക്ക് പകരം സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ നാല്‌വരെയാണ് തുല്യതാ ക്ലാസുകള്‍ നടക്കുന്നത്. സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഇപ്പോള്‍ ജില്ലയില്‍ 150 ഓളം തുടര്‍ വിദ്യാകേന്ദ്രങ്ങളുണ്ട്. മുഹമ്മദിനെ പോലെ പാതിവഴിയില്‍ പഠിപ്പ് മുടക്കേണ്ടി വന്നവരെ മറ്റുള്ളവര്‍ക്ക് തുല്യരാക്കാന്‍ 150 ഓളം സാക്ഷരതാ പ്രേരക്മാരും ജില്ലയിലുണ്ട്. പി.എന്‍.പണിക്കരുടെ സ്മരണാര്‍ഥം എല്ലാ വര്‍ഷവും ആചരിക്കുന്ന വായനവാരത്തിനപ്പുറവും പി.എന്‍. പണിക്കര്‍ ആഘോഷിക്കപ്പെടുന്നത് രായിന്‍കുട്ടിയെയും മുഹമ്മദിനെയും പോലുള്ളവരുടെ മനസ്സിലാണ്.

 

Share news
error: Content is protected !!
Scroll to Top