മലപ്പുറം: ഉപരി പഠനത്തിന് അര്‍ഹത നേടിയ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠന സാഹചര്യമൊരുക്കാന്‍ ജില്ലയില്‍ പ്ലസ്‌ടു സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാറിന് ശുപാര്‍ശ നല്‍കാന്‍ ജില്ലാപഞ്ചായത്ത് യോഗം തീരുമാനിച്ചു. ഈ വര്‍ഷം 98.3 ശതമാനം വിജയമാണ് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ജില്ല കരസ്ഥമാക്കിയത്. 79656 കുട്ടികള്‍ ഉപരി പഠനത്തിന് അര്‍ഹരായെങ്കിലും 52,600 പ്ലസ് ടു സീറ്റുകള്‍ മാത്രമാണ് ജില്ലയിലുള്ളത്. പോളിടെക്‌നിക്, ഐ.ടി.ഐ., വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ കൂടി പരിഗണിച്ചാലും ജില്ലയില്‍ സീറ്റുകള്‍ അപര്യാപ്‌തമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് യോഗത്തില്‍ അറിയിച്ചു.
ഐ.എ.വൈ. ഭവന പദ്ധതിക്ക് കേന്ദ്ര വിഹിതമായ 70,000 രൂപ വെട്ടിക്കുറച്ച് 35,000 രൂപയാക്കിയ സാഹചര്യത്തില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ ജില്ലാ പഞ്ചായത്തിന് വന്‍ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരും. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 50,000 രൂപ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതും പദ്ധതി നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര വിഹിതം പഴയപടിയാക്കുന്നതിനും സംസ്ഥാന വിഹിതം യഥാസമയം ലഭ്യമാക്കുന്നതിനും സര്‍ക്കാറില്‍ ശുപാശ ചെയ്യാനും യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് സെപ്‌റ്റംബര്‍ 30 നകം സ്‌പില്‍ ഓവര്‍ പ്രവൃത്തികള്‍ തീര്‍ക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ സ്‌കൂളുകളിലേയ്‌ക്കുള്ള പാഠപുസ്‌തകങ്ങള്‍ സൂക്ഷിക്കുന്ന ബുക്ക് ഡിപ്പോയില്‍ സ്ഥലവും പുതിയ കെട്ടിടവും നിര്‍മിക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ക്ക് അപേക്ഷ നല്‍കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും നടത്തിയ പുഞ്ച മലപ്പുറം മേളയുടെ വരവ് ചെലവ് കണക്കുകളും യോഗത്തില്‍ അവതരിപ്പിച്ചു.


