പ്ലസ് വൺ , ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ നാളെ മുതല്‍

പ്ലസ്വണ്‍ മുഖ്യഅലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കുവാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് ജൂലൈ രണ്ടിനു രാവിലെ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും ഇന്നു( ജൂലൈ 02) രാവിലെ ഒമ്പതിന് അഡ്മിഷന്‍ വെബ്സൈറ്റായ https://hscap.kerala.gov.in/ -ല്‍ പ്രസിദ്ധീകരിക്കും. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും (നോണ്‍-ജോയിനിങ്ങ് ആയവര്‍) പ്രവേശനം ക്യാന്‍സല്‍ ചെയ്തവര്‍ക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കുവാന്‍ സാധിക്കില്ല.

ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങള്‍ പരിശോധിക്കണമെന്നും ഓപ്ഷനുകള്‍ ഉള്‍പ്പടെ അപേക്ഷയിലെ ലോഗിന്‍ വിവരങ്ങള്‍ ഒഴികെയുള്ള ഏതുവിവരവും തിരുത്തുന്നതിന് സമയം അനുവദിച്ചിരുന്നുവെങ്കിലും അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാല്‍ തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകള്‍ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്‌മെന്റിനോടൊപ്പം മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷയും ക്ഷണിക്കുന്നതാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റുകളെ സംബന്ധിച്ചു വിശദനിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകും.

അപേക്ഷകര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിര്‍ദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂള്‍ ഹെല്‍പ് ഡെസ്‌കുകളിലൂടെ നല്‍കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) മുഖ്യഅലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ രണ്ടു മുതല്‍ നാലിന് വൈകിട്ട് നാലു മണിവരെ അപേക്ഷിക്കാം. മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.

ഹയര്‍സെക്കന്‍ഡറി തലത്തിലെ എന്‍.എസ്.ക്യൂ.എഫ് അധിഷ്ഠിതമായ 48 കോഴ്‌സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. അപേക്ഷ നല്‍കുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) സ്‌കൂളുകളിലെയോ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.vhseportal.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ നിര്‍മിച്ച ശേഷം ലോഗിന്‍ ചെയ്ത് അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാക്കാം. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ച കുട്ടികള്‍ അപേക്ഷ പുതുക്കുന്നതിന് കാന്‍ഡിഡേറ്റ് ലോഗിന്‍ ലെ ആപ്ലിക്കേഷന്‍സ് എന്ന ലിങ്കിലുടെ അപേക്ഷയില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അവ വരുത്തി പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top