ഹജജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യ സംഘം തിരിച്ചെത്തി

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മത്തിന് പോയ തീര്‍ത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരില്‍ തിരിച്ചെത്തി. കരിപ്പൂരില്‍ നിന്ന് മെയ് 21 ന് പുലര്‍ച്ചെ പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തില്‍ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് ഇന്ന് വൈകീട്ട് 4.15 ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ തിരിച്ചെത്തിയത്. മുക്കാല്‍ മണിക്കൂറിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെര്‍മിനലിന് പുറത്തെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദ്യമായി സ്വീകരിച്ചു. 161 തീര്‍ത്ഥാടകരുമായി രണ്ടാമത്തെ ഹജ്ജ് വിമാനം ഇന്ന് (തിങ്കള്‍) 8.30 ഓടെ തിരിച്ചെത്തി. ഇതോടെ ആദ്യദിനം തിരിച്ചെത്തുന്ന ഹാജിമാര്‍ 327 ആവും.

ആദ്യ വിമാനത്തില്‍ തിരിച്ചെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ അഡ്വ. പി. മൊയ്തീന്‍കുട്ടി, ഡോ. ഐ.പി. അബ്ദുസ്സലാം, ഉമ്മര്‍ ഫൈസി മുക്കം, പി.ടി. അക്ബര്‍, സഫര്‍ കയാല്‍, പി.പി. മുഹമ്മദ് റാഫി, മുഹമ്മദ് ഖാസിം കോയ, കൊണ്ടോട്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഷ്‌റഫ് മടാന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. ഫിറോസ്, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി മുഹമ്മദലി എന്‍., ഹജ്ജ് വകുപ്പ് മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥന്‍ യൂസുഫ് പടനിലം, ഹസൈന്‍ പി.കെ, തുടങ്ങിയവര്‍ സ്വീകരിച്ചു. ഹാജിമാരെ സഹായിക്കുന്നതിനായി സെല്‍ ഓഫീസര്‍ പി.കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 17 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ഹാജിമാരുടെ ലഗേജ്, സംസം വിതരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഹജ് കമ്മിറ്റി വളണ്ടിയര്‍മാരും ട്രൈനര്‍മാരും ഹാജിമാരെ സഹായിക്കാന്‍ ഉണ്ടായിരുന്നു.

കേരളത്തില്‍ നിന്നും ഇത്തവണ മൂന്ന് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഹാജിമാര്‍ യാത്ര തിരിച്ചത്. ഇതില്‍ കോഴിക്കോട് എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും യാത്ര തിരിച്ച ഹാജിമാരുടെ മടക്ക യാത്രയാണ് ആരംഭിച്ചത്. നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര.

കൊച്ചിയിലേക്കും കണ്ണൂരിലേക്കുമുള്ള മടക്ക യാത്രാ വിമാനങ്ങള്‍ ജൂലായ് 10 ന് ആരംഭിക്കും. സൗദി എയര്‍ലൈന്‍സാണ് കൊച്ചിയിലും കണ്ണൂരിലും സര്‍വ്വീസ് നടത്തുന്നത്. കൊച്ചിന്‍ എമ്പാര്‍ക്കേഷന്‍ പോയിന്റിലേക്കുള്ള ആദ്യ വിമാനം ജൂലായ് 10ന് രാവിലെ 10.35നും കണ്ണൂരിലേക്കുള്ള ആദ്യ സര്‍വ്വീസ് 10ന് ഉച്ചക്ക് 12 നുമാണെത്തുന്നത്. കേരളത്തിലേക്ക് മൊത്തം 89 സര്‍വ്വീസുകളാണുള്ളത്. കോഴിക്കോട് 64, കൊച്ചി 16, കണ്ണൂര്‍ 9 സര്‍വ്വീസുകളുണ്ടാകും. ജൂലായ് 22നാണ് അവസാന സര്‍വ്വീസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top