പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

HIGHLIGHTS : Plus One second allotment published

cite

പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂണ്‍ 10 ന് രാവിലെ 10 മണി മുതല്‍ 11 ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Second Allot Results ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററില്‍ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കുന്നതാണ്. ഒന്നാം അലോട്ട്മെന്റില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അലോട്ട്മെന്റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്മെന്റ് ലെറ്റര്‍ ആവശ്യമില്ല.

മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടക്കേണ്ടതുള്ളു. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കുളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളെല്ലാം രക്ഷകര്‍ത്താക്കളോടൊപ്പം ജൂണ്‍ 11 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി സ്‌കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണം.

മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും രണ്ടാമത്തെ അലോട്ട്‌മെന്റ് റിസള്‍ട്ടും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകര്‍ക്ക് Candidate Login – MRS എന്നതിലൂടെ ലോഗിന്‍ ചെയ്ത് ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Second Allot Results ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളെല്ലാം രക്ഷകര്‍ത്താക്കളോടൊപ്പം ജൂണ്‍ 10 ന് രാവിലെ 10 മണി മുതല്‍ 11 ന് വൈകിട്ട് 5 മണിയ്ക്ക് മുന്‍പായി തന്നെ സ്‌കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണം.

രണ്ടാം അലോട്ട്മെന്റിനോടൊപ്പം കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ നടക്കുന്നതിനാല്‍ വിവിധ ക്വാട്ടകളില്‍ പ്രവേശനത്തിന് അര്‍ഹത നേടുന്ന വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കണം. പ്രവേശന നടപടികള്‍ ഒരേ കാലയളവില്‍ നടക്കുന്നതിനാല്‍ ഏതെങ്കിലും ഒരു ക്വാട്ടയില്‍ പ്രവേശനം നേടിയാല്‍ മറ്റൊരു ക്വാട്ടയിലെക്ക് പ്രവേശനം മാറ്റാന്‍ സാധിക്കുകയില്ല.

ഇതുവരെ അപേക്ഷിക്കുവാന്‍ കഴിയാത്തവര്‍ക്ക് മുന്നാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതു മൂലവും ഓപ്ഷനുകള്‍ നല്‍കാത്തതിനാലും അലോട്ട്മെന്റിന്

പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ നിലവിലെ അപേക്ഷകള്‍ പുതുക്കി സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നല്‍കാം. മുഖ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്ക് സപ്ലിമെന്ററി ഘട്ടത്തില്‍ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമര്‍പ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കന്‍സിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!