പ്ലസ് വണ്‍ പ്രവേശനോത്സവം ‘വരവേല്‍പ്പ് 2025’ ഉദ്ഘാടനം ചെയ്തു

ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള സംസ്ഥാനതല പ്രവേശനോത്സവം ‘വരവേല്‍പ്പ് 2025’ തൈക്കാട് ഗവ മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വര്‍ഷം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു .പൊതുവിദ്യാലയങ്ങളില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നതോടൊപ്പം വെല്ലുവിളികളെ അതിജീവിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള ‘കൂടെയുണ്ട് കരുത്തേകാന്‍’ പദ്ധതിയ്ക്കും തുടക്കമാവുകയാണ്.. ചരിത്രദൗത്യമായ ഈ ബൃഹത്തായ പദ്ധതിയിലൂടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിപുലമായ പിന്തുണ സംവിധാനങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ട് കൊണ്ടുപോകുന്ന ഈ പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വളര്‍ച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.നമ്മുടെ പൊതുവിദ്യാലയങ്ങള്‍ വെറും പാഠപുസ്തക അറിവ് നല്‍കുന്ന ഇടങ്ങള്‍ മാത്രമല്ല. സാമൂഹികമായും വൈകാരികമായും ബുദ്ധിപരമായും കുട്ടികളെ വളര്‍ത്തുന്ന ഇടങ്ങളാകണം. സന്തോഷത്തിന്റെയും കരുതലിന്റെയും അന്തരീക്ഷം വിദ്യാലയങ്ങളില്‍ ഓരോ ദിവസവും ഉണ്ടാകണം. ഓരോ കുട്ടിയും സുരക്ഷിതരാണെന്നും അവരെ പിന്തുണയ്ക്കാന്‍ ഒരു വലിയ സമൂഹം കൂടെയുണ്ടെന്നും അവര്‍ക്ക് തോന്നണം.വിദഗ്ധരുടെ സഹായത്തോടെയുള്ള കൗണ്‍സിലിംഗ് സേവനങ്ങള്‍, വ്യക്തിത്വ വികസന ക്ലാസുകള്‍, സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണം, ജീവിത നൈപുണ്യ പരിശീലനങ്ങള്‍ എന്നിവയെല്ലാം ‘കൂടെയുണ്ട് കരുത്തേകാന്‍’ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. അധ്യാപകര്‍ക്ക് കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാനും വേണ്ട പിന്തുണ നല്‍കാനും പരിശീലനം ലഭിക്കും. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും പദ്ധതിയിലൂടെ സാധിക്കും. കുട്ടികളിലെ ഗുണപരമായ മാറ്റത്തിന്റെ വേഗം വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.

മെറിറ്റില്‍ 2,72,657, സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 4,517, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 1,124, കമ്മ്യൂണിറ്റി ക്വാട്ടയില്‍ 16,945, മാനേജ്‌മെന്റ് ക്വാട്ടയില്‍ 14,701, അണ്‍- എയിഡഡ് സ്‌കൂളുകളില്‍ 6,042 ഉള്‍പ്പടെ 3,15,986 വിദ്യാര്‍ത്ഥികള്‍ ഇന്ന് പ്ലസ് വണ്‍ ക്‌ളാസ്സുകളില്‍ പ്രവേശിക്കുകയാണ്. സന്തോഷത്തോടും പ്രതീക്ഷയോടും കൂടി പ്ലസ് വണ്‍ ക്ലാസുകളിലേക്ക് കടക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നതോടൊപ്പം അവരെ പിന്തുണയ്ക്കുന്ന മാതാപിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പുതുക്കി ഇറക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.ഒരു പരാതിക്കും ഇടയില്ലാതെ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മനസിലാക്കി പൊതുവിദ്യാഭാസ മേഖലയില്‍ കൃത്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അഡ്വ. ആന്റണി രാജു എംഎല്‍എ മുഖ്യാതിഥിയായ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സിവില്‍ ജഡ്ജ് ഷംനാദ് എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top