തിരുവനന്തപുരം: ആറ്റിങ്ങലില്‍ അച്ഛനും മകള്‍ക്കും നേരെയുണ്ടായ പിങ്ക് പോലീസിന്റെ പരസ്യ വിചാരണയില്‍ ഐജി തല അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദേശം.ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല. അച്ഛനും മകളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിര്‍ദേശം. തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരനായ ജയചന്ദ്രന്‍ പറഞ്ഞു.
വെള്ളിയാഴ്ചയായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മൂന്നാം ക്ലാസുകാരി മകളെയും ആറ്റിങ്ങല്‍ പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥ സി പി രജിത പരസ്യമായി വിചാരണ ചെയ്തത്. തന്റെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ മോഷ്ടിച്ചെടുത്ത് മകള്‍ക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിതയുടെ ചോദ്യം ചെയ്യല്‍. ഫോണ്‍ എടുത്തില്ലെന്ന് ജയചന്ദ്രനും മകളും കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാന്‍ തയ്യാറായില്ല. പിന്നീട് മറ്റൊരു ഉദ്യോഗസ്ഥ പോലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയുടെ ബാഗ് പരിശോധിച്ചപ്പോള്‍ സൈലന്റിലാക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു.
രജിതയ്ക്ക് എതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കിയതും വിവാദമായിരുന്നു. വീടിനടുത്തേക്ക് സ്ഥലം മാറ്റിയത് ശിക്ഷാനടപടിയല്ല എന്ന ആക്ഷേപമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. വെഞ്ഞാറമൂട് സ്വദേശിയായ രജിതയെ കൊല്ലം ജില്ലയിലേക്ക് മാറ്റിയതിന് പുറമേ 15 ദിവസത്തെ നല്ല നടപ്പു പരിശീലനവുമാണ് നിര്‍ദ്ദേശിച്ചിരുന്നത്.




