Section

malabari-logo-mobile

ജയിലല്ല, അതിനപ്പുറമുള്ള ഭീഷണികള്‍ രാധാകൃഷ്ണന്റെ ആളുകള്‍ നടത്തിയിട്ടുണ്ട്; അന്നും താന്‍ വീട്ടില്‍ കിടന്നുറങ്ങിയിരുന്നു: മുഖ്യമന്ത്രി

HIGHLIGHTS : Radhakrishnan's people have made threats not beyond jail; He was still sleeping at home that day: CM

തിരുവനന്തപുരം: ജയിലിനേക്കാള്‍ വലിയ ഭീഷണികള്‍ എ എന്‍ രാധാകൃഷ്ണന്റെ ആളുകള്‍ തനിക്കെതിരെ ഉയര്‍ത്തിയതാണെന്നും അന്നൊക്കെ താന്‍ വീട്ടില്‍ കിടന്നുറങ്ങിയിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഒരു പ്രയാസവുമുണ്ടായിട്ടില്ലെന്നും ഓര്‍ക്കുന്നത് നല്ലതാണെന്നും ബിജെപി നേതാവിന്റെ വിമര്‍ശനത്തിന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കി

നമ്മളോരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്താക്കളൊണെന്ന് തീരുമാനിക്കരുത്. അത് ശരിയായ നിലപാടല്ല. മറ്റുള്ളവരുടെ കാര്യത്തില്‍ എന്ത് വേണമെന്ന് തീരുമാനിച്ച് അതങ്ങ് നടപ്പാക്കും എന്ന് കരുതുകയാണെങ്കില്‍, അതൊന്നും നടപ്പാക്കില്ലെന്ന് നമ്മുടെ നാട് തെളിയിച്ചില്ലെ. എന്തൊക്കെയായിരുന്നു മോഹങ്ങള്‍ ഉണ്ടായിരുന്നത്. അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞോ- മുഖ്യമന്ത്രി ചോദിച്ചു.

sameeksha-malabarinews

മക്കളെ ജയിലില്‍ പോയി കാണണം എന്നതുകൊണ്ട് എന്ത് സന്ദേശമാണ് നല്‍കുന്നത്. ആ സന്ദേശമാണ് ഗൗരവമായി നാം കാണേണ്ടത്. ഒരു കേസിന്റെ അന്വേഷണം നടക്കുന്നു. അതില്‍ ഏതെങ്കിലും തരത്തില്‍ ഒരു അമിത താല്‍പര്യത്തോടെയോ തെറ്റായോ സര്‍ക്കാര്‍ ഇടപെട്ടു എന്ന് ഇതുവരെ ആക്ഷേപം ഉയര്‍ന്നുവന്നിട്ടില്ല. മുഖ്യമന്ത്രി എന്ന് നിലയ്ക്കോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്ന് നിലയ്ക്കോ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ തന്റെ ഭാഗത്ത് നിന്ന് സംഭവിച്ചു എന്നതും ഇതേവരെ ആക്ഷേപമായി ഉയര്‍ന്നിട്ടില്ല.

അപ്പോള്‍, എന്താണ് ഉദ്ദേശം. ഈ കേസ് നിങ്ങള്‍ അന്വേഷിക്കുകയാണല്ലെ; നിങ്ങള്‍ അന്വേഷിക്കുകയാണങ്കില്‍ ഈ സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്നവരെ ഞങ്ങള്‍ കുടുക്കും. ഇതാണ് പറയുന്നത്. അത് മറ്റൊരു തരത്തിലുള്ള ഭീഷണിയാണ്.

ഭീഷണി തന്റെയടുത്ത് ചെലവാകുമോ ഇല്ലയോ എന്നത് മറ്റൊരു കാര്യം. പക്ഷെ ഭീഷണി പരസ്യമായി ഉയര്‍ത്തുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെയുള്ള ഭീഷണിയായാണ് അത് വരുന്നത്. നിങ്ങള്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ല, നിങ്ങളുടെ കുട്ടികളെ ജയിലില്‍ പോയി കണേണ്ടി വരും. ഉദ്ദേശം വ്യക്തമല്ലെ. തെറ്റായ രീതിയില്‍ താന്‍ ഇടപെട്ട് ഈ അന്വേഷണ രീതികള്‍ ആകെ അവസാനിപ്പിക്കണം എന്നാണതിനര്‍ഥം.

നിലവിലെ അന്വേഷണത്തില്‍ തെറ്റായി സംഭവിച്ചു എന്നല്ല, ക്രമത്തില്‍ നടക്കുന്ന അന്വേഷണം സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിച്ചോളണം, അല്ലെങ്കില്‍ വരാന്‍ പോകുന്നതിതാണ്..ഇതാണ് ഭീഷണി. ഇത് പൊതുസമൂഹം കാണേണ്ടതാണ്- അദ്ദേഹം വിശദീകരിച്ചു

ഇത്തരത്തിലുള്ള ഭീഷണികള്‍ താന്‍ എങ്ങനെ എടുക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ പലവിധ സംരക്ഷണത്തില്‍ ഇരിക്കുന്ന ആളാണല്ലോ .ഈ സംരക്ഷണം ഒന്നുമില്ലാത്ത കാലം കടന്നുവന്നതല്ലെ.ആ കടന്നുവന്നതിന്റെ അനുഭവം ഓര്‍ത്താ മതി എങ്ങിനെയായിരുന്നു എന്ന്. ഉന്നയിച്ച ആളോട് ഇതേ പറയാനുള്ളു.

എന്നാല്‍ പ്രധാനമായും കാണേണ്ടത് മറ്റ് വശമാണ്. താന്‍ ഭീഷണിക്ക് വിധേയമാകുമോ ഇല്ലയോ എന്നതല്ല കാര്യം. ഈ രാജ്യത്തിന്റെ ഭരണം കയ്യാളുന്ന ഒരു പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവ്, ആ പാര്‍ട്ടിയുടെ ആളുകള്‍ അന്വേഷണ വിധേയരാകുന്നു എന്ന വാര്‍ത്തകള്‍ വരുമ്പോള്‍, അന്വേഷണം തുടരുകയാണെങ്കില്‍ മുഖ്യമന്ത്രിയെ തന്നെ വീട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കില്ല എന്ന് പറയേണ്ടിടത്തേക്ക് കാര്യങ്ങള്‍
വരുന്നു. അത് നാം ഗൗരവമായി കാണേണ്ടതുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!