
മലപ്പുറം : സ്വകാര്യ ബസിൽ വയോധികന്റെ പോക്കറ്റടിച്ച കേസിലെ മുഖ്യപ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൂടത്തായി പുതിയേടത്ത് വീട്ടിൽ അർജുൻ ശങ്കർ (35)ആണ് പിടിയിലായത്.
ഒക്ടോബർ 23ന് വൈകിട്ട് നാലോടെ മഞ്ചേരി എസ്എച്ച്ബിടി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിലായിരുന്നു മോഷണം. അർജുൻ ശങ്കറും കൂട്ടാളികളും ചേർന്ന് ബസിൽ കൃത്രിമ തിരക്കുണ്ടാക്കി വയോധികന്റെ പാന്റിന്റെ പോക്കറ്റ് മുറിച്ച് പണം കൈക്കലാക്കുകയായിരുന്നു. 25,000 രൂപയും 14,000 യുഎഇ ദിർഹവുമാണ് (3.37 ലക്ഷം രൂപ) പോക്കറ്റടിച്ചത്.
മഞ്ചേരി ഇൻസ്പെക്ടർ പ്രതാപ് കുമാർ, എസ്ഐ അഖിൽ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രതികളായ ഒളവട്ടൂർ വടക്കുംപുലാൻ വിട്ടിൽ അബ്ദുള്ളക്കോയ (46, ഷാനവാസ്), കൊണ്ടോട്ടി കളോത്ത് തൊട്ടിയൻകണ്ടി വീട്ടിൽ ജുനൈസുദ്ദീൻ (50), ഊർങ്ങാട്ടിരി ആലിൻച്ചുവട് മഞ്ഞക്കോടവൻ വീട്ടിൽ ദുൽകിഫ്ലി അക്കര (45) എന്നിവർ നേരത്തെ അറസ്റ്റിലയിരുന്നു.
അർജുൻ ശങ്കർ സമാന കേസുകളിൽ മുമ്പും ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ജാമ്യത്തിൽ ഇറങ്ങിയാണ് പോക്കറ്റടി നടത്തിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു. സിപിഒമാരായ ഷറഫുദ്ദീൻ, തൗഫീക്, റിയാസ്, നിഷാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



