ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തര ആവശ്യങ്ങള്‍ക്കായി ഒരു വാക്‌സിന് കൂടി അനുമതി നല്‍കി. സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്‌സിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്.
DCGI has granted emergency use permission to Single-dose Sputnik Light COVID-19 vaccine in India.
This is the 9th #COVID19 vaccine in the country.
This will further strengthen the nation’s collective fight against the pandemic.
— Dr Mansukh Mandaviya (@mansukhmandviya) February 6, 2022
രാജ്യത്തെ ഒമ്പതാം കൊവിഡ് വാക്‌സിനാണ് ഇത്. കൊവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
റഷ്യന്‍ നിര്‍മിത സിങ്കിള്‍ ഡോസ് വാക്സിനായ സ്പുട്നിക് ലൈറ്റിന് അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് ഘട്ട പരീക്ഷണവും ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അനുമതി. 2020 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത കൊറോണ വൈറസിനെതിരായ ലോകത്തിലെ ആദ്യത്തെ വാക്സിനാണ് സ്പുട്നിക് 5.
ഹ്യൂമന്‍ അഡെനോവൈറസ് സെറോടൈപ്പ് 26 അടിസ്ഥാനമാക്കിയുള്ള സിംഗിള്‍ ഡോസ് വാക്സിനാണ് സ്പുട്നിക് ലൈറ്റ്. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ മികച്ച പ്രതിരോധമായാണ് സ്പുട്നിക് ലൈറ്റ് വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ നല്‍കാനാകുമെന്നതും ഗുണകരമാണ്.
സ്പുട്നിക്കിന്റെ ഇന്ത്യയിലെ നിര്‍മാണ- വിതരണാവകാശം നേടിയിട്ടുള്ള ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എല്‍) എന്ന സ്ഥാപനം വാക്സിന്‍ നിര്‍മിക്കുന്നുണ്ട്. വര്‍ഷത്തിനുള്ളില്‍ അഞ്ചു കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.




