തിരുവനന്തപുരം:പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ തന്നെ അന്വേഷിക്കും. പെരിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് അടിയന്തിരമായി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.
വിചാരണയെ ബാധിക്കും എന്നതിനാല്‍ കേസില്‍ അധികം ഇടപെടുന്നില്ലെന്ന് പറഞ്ഞ കോടതി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍ സിബിഐക്ക് കൈമാറാനും പോലീസിനോട് ആവശ്യപ്പെട്ടു.
പെരിയ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ കേസ് അന്വേഷിക്കാനാകുന്നില്ലെന്നും രേഖകള്‍ കൈമാറാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നുമായിരുന്നു സിബിഐ കോടതിയില്‍ പറഞ്ഞത്.
കേസ് ഡയറി പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദങ്ങള്‍ മാത്രം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ചഹര്‍ജിയില്‍ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം റദ്ദാക്കിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.




