പെരിയ ഇരട്ടക്കൊലക്കേസ്;പ്രതികളായ സിപിഎം നേതാക്കള്‍ ജയില്‍ മോചിതരായി

കാസര്‍കോട്: പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് സിപിഐഎം നേതാക്കള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഇവരുടെ ശിക്ഷ മരവിപ്പിച്ചത്.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എം കെ ഭാസ്‌കരന്‍ എന്നിവരാണ് പുറത്തിറങ്ങിയത്. കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ ഇവരെ ജയിലിന് പുറത്ത് രക്തഹാരം അണിയിച്ച് സ്വീകരിച്ചു. പി ജയരാജനും എം വി ജയരാജനും ഒപ്പമുണ്ടായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം 225-ാം വകുപ്പ് അനുസരിച്ച് ശിക്ഷ അഞ്ച് വര്‍ഷമായിരുന്നു പ്രതികള്‍ക്ക് നേരത്തെ നല്‍കിയിരുന്നത്. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതിനുള്ള അഞ്ചുവര്‍ഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് എടുത്തത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം 225-ാം വകുപ്പ് മാത്രമല്ലേയുളളൂവെന്ന് കോടതി ചോദിച്ചു. തുടര്‍ന്നാണ് ശിക്ഷാ വിധി മരവിപ്പിക്കുന്ന വിധിയിലേക്ക് ഹൈക്കോടതി എത്തിയത്. ചെറിയ കാലയളവിലെ ശിക്ഷ മരവിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സിബിഐ കോടതി ദിവസങ്ങള്‍ക്കു മുന്‍പാണ് വിധി പറഞ്ഞത്. കേസില്‍ ഒന്നു മുതല്‍ എട്ടുവരെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു കൊച്ചി സിബിഐ കോടതി. ഇതു കൂടാതെ, പത്ത്, പതിനഞ്ച് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചു. തടവ് ശിക്ഷ കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. ബാക്കിയുള്ള പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴ ശിക്ഷയുമാണ് ജഡ്ജി ശേഷാദ്രിനാഥന്‍ വിധിച്ചത്. ഈ ശിക്ഷയാണ് ഇപ്പോള്‍ ഹൈക്കോടതി മരവിപ്പിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top