കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഒന്നുമുതല്‍ എട്ടുവരെ കുറ്റത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കോടതി. കേസില്‍ 24 പ്രതികളില്‍ 14 പ്രതികളാണ് കുറ്റക്കാര്‍. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പേര്‍ പ്രതികളാണ് കുറ്റക്കാരെന്ന് കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. 9,11, 12, 13, 16, 18, 17, 19, 23, 24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.ജനുവരി മൂന്നിനാണ് ശിക്ഷവിധിക്കുക
2019 ഫെബ്രുവരി 17ന് നടന്ന സംഭവത്തിലാണ് കോടതി വിധി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് നിലവില്‍ പീതാംബരന്‍, സജി സി ജോര്‍ജ്, എം സുരേഷ്, അനില്‍കുമാര്‍, ജിജിന്‍, അശ്വിന്‍, ശ്രീരാഗ്, എ സുബിന്‍ എന്നിവര്‍ക്കെതിരെ തെളിഞ്ഞത്. ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നിവയാണ് മുരളി താനിത്തോട്, പ്രദീപ്, ആലക്കോട് മണികണ്ഠന്‍, എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ തെളിഞ്ഞത്.
14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേര്‍ത്തത്.
കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. സി കെ ശ്രീധരന്‍ പിന്നീട് പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നു. വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.




