പെരിന്തല്‍മണ്ണ: സംസ്ഥാന സഹകരണ വകുപ്പിന്റെ എക്‌സലന്‍സ് അവാര്‍ഡ് പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രി കരസ്ഥമാക്കി. ഇ എം എസ് ആശുപത്രി നടപ്പാക്കുന്ന അട്ടപ്പാടി സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി, രോഗീ – സൗഹൃദ വായ്പാ പദ്ധതി എന്നീ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര സഹകരണ ദിനാഘോഷ ചടങ്ങില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
രോഗീ സൗഹൃദ വായ്പാ പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനമാണ് ആശുപത്രി കാഴ്ചവച്ചത്. സാമ്പത്തിക പ്രതിസന്ധിയുള്ള രോഗികള്‍ക്ക് ചികിത്സാ ബില്ല് അടയ്ക്കാന്‍ നാല് മാസംവരെ സാവകാശം ലഭ്യമാക്കുന്നതാണ് പദ്ധതി. രോഗികളോ അവരുടെ ബന്ധുക്കളോ അംഗങ്ങളായിട്ടുള്ള സഹകരണ വായ്പാ സംഘങ്ങളില്‍നിന്നും ബാങ്കുകളില്‍നിന്നും മൂന്നുലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുകയും പലിശ ആശുപത്രി അടവാക്കുകയും ചെയ്യുന്നതാണ് പദ്ധതി. 2020 ജൂണ്‍ രണ്ടിനാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. ജൂണ്‍ 9ന് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഓണ്‍ലൈന്‍വഴി പദ്ധതി ഉദ്ഘാടനംചെയ്തു. പദ്ധതിയില്‍ ഇതുവരെ 79 രോഗികള്‍ക്ക് ചികിത്സ നല്‍കി.




