HIGHLIGHTS : Patinarungal Venniyur bypass construction should start soon; CPIM
തിരൂരങ്ങാടി : പതിനാറുങ്ങല്‍ വെന്നിയൂര്‍ ബൈപ്പാസ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് സിപിഐ എം തിരൂരങ്ങാടി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കായി കിഫ്ബി മുഖേന 100 കോടി വകയിരുത്തിയതാണ്. പ്രവര്‍ത്തിക്ക് തത്വത്തില്‍ ഭരണാനുമതി ലഭ്യമായതാണ്. ചെമ്മാട് ടൗണ്‍, തിരൂരങ്ങാടി ടൗണ്‍, കക്കാട് ടൗണ്‍, വെന്നിയൂര്‍ ടൗണ്‍ എന്നീ സ്ഥലങ്ങളിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചത്. നേരത്തെ പതിനാറു ങ്ങലില്‍ നിന്നും പുക്കിപറമ്പ് വരെയാണ് ഈ പദ്ധതി തീരുമാനിച്ചിരുന്നതെങ്കിലും തെന്നല പഞ്ചായത്തില്‍ ചിലയിടങ്ങളില്‍ സ്ഥലം ലഭ്യമാക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് അലൈന്‍മെന്റ് മാറ്റേണ്ടി വന്നത്. നിര്‍ദിഷ്ട വെന്നിയൂര്‍ ബൈപ്പാസ് റോഡിന്റെ അലൈന്‍മെന്റ് പ്രവര്‍ത്തികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ പദ്ധതി അതിവേഗം യാഥാര്‍ത്ഥ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കരിപറമ്പില്‍ പ്രൊഫ. പി മമ്മദ് നഗറില്‍ നടന്ന സമ്മേളനം സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം അഡ്വ. കെ പി സുമതി ഉദ്ഘാടനം ചെയ്തു. വി ഭാസ്‌കരന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി തയ്യില്‍ അലവി, ഏരിയ കമ്മറ്റി അംഗങ്ങളായ അഡ്വ. സി ഇബ്രാഹിംകുട്ടി, ടി കാര്‍ത്തികേയന്‍, കെ രാമദാസ്, സി സിറാജുദ്ദീന്‍, ലോക്കല്‍ സെക്രട്ടറി എം പി ഇസ്മായില്‍, ഇ പി മനോജ് എന്നിവര്‍ സംസാരിച്ചു. തൃക്കളം കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി. ടി പി ബാലസുബ്രഹ്‌മണ്യന്‍ സ്വാഗതവും കെ മോഹനന്‍ നന്ദിയും പറഞ്ഞു. 12 അംഗ ലോക്കല്‍ കമ്മിറ്റിയില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി എം പി ഇസ്മായിലിനെ ഐക്യകണ്ഠനെ തിരഞ്ഞെടുത്തു.