
മലപ്പുറം: തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റില്‍ യാത്രക്കാര്‍ കുടുങ്ങി.ലിഫ്റ്റ് തുറന്ന് യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഒരു കുട്ടിയുള്‍പ്പെടെ അഞ്ച് യാത്രക്കാരാണ് ലിഫ്റ്റില്‍ കുടുങ്ങിയതെന്നാണ് വിവരം. തിരൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും റെയില്‍വേ അധികൃതരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
ഒരുമണിക്കൂറിലേറെ നേരമായി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ലിഫ്റ്റ് രണ്ടാം നിലയില്‍ എത്തിയ ശേഷം തുറക്കാന്‍ കഴിയാതായതോടെ യാത്രക്കാര്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ലിഫ്റ്റിലെ ഫോണിലൂടെയാണ് വിവരം പുറത്ത് അറിഞ്ഞത്. ഉടനെ ലിഫ്റ്റ് സാങ്കേതിക വിദഗ്ധരും റെയില്‍വേ അധികൃതരും ചേര്‍ന്ന് തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ലിഫ്റ്റ് പൊളിച്ച് യാത്രക്കാരെ പുറത്തിറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. റെയില്‍വേ പോലീസും സംഭവസ്ഥലത്തുണ്ട്.
സാങ്കേതിക തകരാര്‍ മൂലമാണ് ലിഫ്റ്റ് തകരാറിലായതെന്നാണ് വിവരം.




