Section

malabari-logo-mobile

സാമൂഹ്യവിരുദ്ധരുടെയും മദ്യ-മയക്കുമരുന്നുവില്‍പ്പനക്കാരുടെയും വിഹാരകേന്ദ്രമായി മാറുന്നുവോ പരപ്പനങ്ങാടിയിലെ റെയില്‍വേ ചാമ്പ്രകള്‍?

HIGHLIGHTS : parappanagadi chamra- news story

പരപ്പനങ്ങാടി ;ഒരു കാലത്ത് പരപ്പനങ്ങാടിക്കാര്‍ തങ്ങളുടെ വൈകുന്നേരങ്ങള്‍ സ്വസ്ഥതയോടെ ഇരിക്കാനും, സംസാരിക്കാനും വൈകുന്നേരനടത്തങ്ങള്‍ക്കും ഉപയോഗിച്ചിരുന്നത് തീവണ്ടി പാതയോട് ചേര്‍ന്ന് കിടക്കുന്ന റെയില്‍വേ ചാമ്പ്രകളായിരുന്നു. ഏതുപാതിരാവിലും  ധൈര്യത്തോടെ നടന്നു പോകാവുന്ന നാട്ടുവഴികള്‍ കൂടിയായിരുന്നു ഈ ചാമ്പ്രകള്‍. എന്നാല്‍ ഇന്ന് ഈ ചാമ്പ്രകളല്ലാം പകല്‍ പോലും നടന്നുപോകാനാകാത്ത ഭയപ്പാടിന്റെ ഇരുട്ടറകളായി മാറിയിരിക്കുന്നു. മദ്യമയക്കുമരുന്നു വില്‍പ്പനക്കാരടക്കമുള്ള സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി ഇത്തരം സ്ഥലങ്ങള്‍ മാറിയതോടെ പകല്‍പോലും ഇതിലുടെ പരിസരവാസികള്‍ക്ക് നടന്ന് പോകാനാവാത്ത അവസ്ഥയായിരിക്കുന്നു. ഇവിടങ്ങളില്‍ സത്രീകളും വിദ്യാര്‍ത്ഥിനികളുമടക്കമുള്ള കാല്‍നടയാത്രികര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്.

നേരത്തെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തെക്ക് പൂരപ്പുഴ വരെയും വടക്ക് വള്ളിക്കുന് റെയില്‍വേ സ്റ്റേഷന്‍ വരെയും ഈ വഴികള്‍ പൊതുജനങ്ങള്‍ ഉപയോഗിച്ചു വന്നവയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാതഇരട്ടിപ്പിന്റെ ഭാഗമായി മണ്ണിട്ട് വീതികൂട്ടിയതോടെയാണ് പലയിടങ്ങളിലും ഈ വഴികള്‍ തന്നെ മുറിഞ്ഞുപോയി. ഇതോടെ റെയില്‍വേ ലൈനിനടുത്തേക്കുള്ള വഴികളിലൂടെ മാത്രമായി ആളുകളുടെ സഞ്ചാരം മാറി. കൂടാതെ റെയില്‍പാതക്ക് ഇരുവശവും അടിക്കാടുകള്‍ വളര്‍ന്ന് വലിയ കാടുകള്‍രൂപപ്പെട്ടു. ഇത്തരം ഇടങ്ങളാണ് ഇപ്പോള്‍ സാമൂഹ്യവിരുദ്ധര്‍ കയ്യടിക്കയിരിക്കുന്നത്. ഇത് ഇപ്പോള്‍ നാട്ടുകാരുടെ സൈ്വര്യജീവതം തകര്‍ക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്.

sameeksha-malabarinews

ഞങ്ങളുടെ ന്യൂസ് ടീം നടത്തിയ അന്വേഷണത്തില്‍ മദ്യമയക്കുമരുന്ന് സംഘങ്ങളുടെ വിളയാട്ടമാണ് ഇവിടങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.

ഇത്തരം സാമൂഹ്യ വിരുദ്ധരുടെ പരപ്പനങ്ങാടിയിലെ പ്രധാന കേന്ദ്രം റെയില്‍വേ സ്‌റ്റേഷന് അരക്കിലോമീറ്റര്‍ വടക്കുമാറിയുള്ള നഗരമധ്യത്തില്‍ തന്നെയുള്ള റെയില്‍വേ മേല്‍പ്പാലത്തിന്റെ അടിഭാഗം തന്നെയാണ് എന്നുള്ളതാണ് ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഈ മേല്‍പ്പാലത്തിന്റെ തൂണുകള്‍ക്കടിയില്‍ മദ്യ- മയക്കുമരുന്നു സംഘങ്ങള്‍ തമ്പടിക്കുന്നത് പതിവാണ്. ഉച്ച സമയങ്ങളില്‍ പരിസരങ്ങളിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തുന്നതും ഗൗരവതരമാണ്. ഈ ഓവര്‍ബ്രിഡ്ജിന് സമീപത്ത് മാത്രം നിരവധി അനവധി മദ്യക്കച്ചവടക്കാര്‍ ഉണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. രാത്രിയും പകലും ഇവരെ തേടിയെത്തുന്നവര്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. കൂടാതെ മയക്കുമരുന്നുകച്ചവടക്കാരും ഇവിടം അവരുടെ താവളമാക്കിയിട്ടുണ്ട്. പകല്‍ സമയത്ത് ഇവിടെ ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായി എത്തുന്ന ഇവര്‍ റെയില്‍വേ പാലത്തിന് താഴേയും, പാളത്തിലും മയക്കുമരുന്ന് കൈമാറാനുള്ള സുരക്ഷിത ഇടമായി ഇവിടം കാണുന്നു.

ഇവിടെ രാത്രികാലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇരുചക്രവാഹനങ്ങള്‍ കണ്ടെത്തുന്നത് പതിവായിരുന്നു. ഇതുകൂടാതെ റെയില്‍വേ സ്റ്റേഷന് സമീപം മുതല്‍ അഞ്ചപ്പുര ഓവുപാലം വരെ ഇതരസംസ്ഥാന തൊഴിലാളികള്‍ റെയില്‍വേ ലൈനിലും പരിസരങ്ങളിലും രാവിലെയും വൈകുന്നേരങ്ങളും പുകയില ഉത്പ്പനങ്ങള്‍ വ്യാപകമായി പരസ്യവില്‍പ്പന നടത്തുന്നതും സ്ഥിരം കാഴ്ചയാണ്.

മയക്കമരുന്നു ലോബികളുടെ മറ്റൊരു പ്രധാന കേന്ദ്രം പുത്തന്‍പീടിക ഓവര്‍ബ്രിഡ്ജ് മുതല്‍ ചിറമഗംലം റെയില്‍വേ ഗേറ്റ് വരെയുള്ള കാടുപിടിച്ച് കിടക്കുന്ന ചാമ്പ്രകളാണ്. ഇവിടുത്ത കാടുകളില്‍ ഇത്തരം സാമൂഹ്യവിരുദ്ധരുടെ സൈ്വര്യവിഹാരത്തിന് നിരവധി കേന്ദ്രങ്ങള്‍ തന്നെ ഒരുക്കിയിട്ടുണ്ട് കാടിനകത്ത് വെട്ടിത്തെളിച്ച് അഞ്ചും ആറും പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് ഉപയോഗിക്കാന്‍ കൗമാരക്കാരടക്കമുള്ള നിരവധി പേര്‍ പകല്‍ സമയത്ത് എത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥിരം ചീട്ടുകളി കേന്ദ്രങ്ങള്‍ കൂടിയാണ് ഇവിടങ്ങള്‍.
പരപ്പനങ്ങാടിയിലെ കൊടപ്പാളി, അഞ്ചപ്പുര, പുത്തന്‍പീടിക ചിറമംഗലം തെക്കുവശം എന്നീ റെയില്‍വേ ഓവുപാലങ്ങള്‍ക്കിടിയിലും മുകളിലും ഇത്തരക്കാര്‍ ഒറ്റക്കും കൂട്ടായും തമ്പടിക്കുകയാണ്. പകല്‍ സമയത്ത് ഒറ്റക്ക് യാത്ര ചെയ്യുന്ന സത്രീകളും കുട്ടികളും ഏറെ ഭയത്തോടെയാണ് ഇതുവഴി കടന്നുപോകുന്നത്.

കഴിഞ്ഞ ദിവസം ഓവര്‍ബ്രിഡ്ജിന് അടിയില്‍ വെച്ച് ഒരു പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായെന്ന
റിപ്പോര്‍ട്ട് ഏറെ ഞെട്ടലോടെയാണ് നാട്ടകാര്‍ കാണുന്നത്. അഞ്ചപ്പുര ഒന്നാം റെയില്‍വെ ഓവുപാലത്തിനടുത്തെ കോണ്‍ഗ്രീറ്റ് പാതയോരത്ത ് തനിച്ചിരുന്ന യുവാവ് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ഇയാള്‍ സമീപത്തെ കുറ്റിക്കാട്ടിലേക് കുട്ടിയെ വലിച്ചഴിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി വാവിട്ട് നിലവിളിച്ചതിനാല്‍ സമീപത്ത് നിന്നും ആരോ ഓടിയെത്തി. ഇതോടെ ഇയാള്‍ പിടിവിട്ട് ഓടിമറിയുകയായിരുന്നു

പലപ്പോഴും പരാതിപ്പെട്ടിട്ടും പോലീസും, എക്‌സൈസും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ല എന്ന ആക്ഷേപവും നാട്ടുകാര്‍ക്കിടയിലുണ്ട്. നാടിനെ നടുക്കുന്ന അശുഭവാര്‍ത്തകള്‍ വരുന്നതുവരെ നടപടിയെടുക്കാന്‍ കാത്തിരിക്കണോ എന്ന ചോദ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. നാടിന്റെ ആശങ്ക പരിഹരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളടക്കം ഇടപെട്ട് പോലീസിന്റെയും, റെയില്‍വേയുടെയും എക്‌സൈസിന്റെയും എല്ലാം സഹകരണത്തോടെ ജനകീയ ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!