പരപ്പനങ്ങാടിയില്‍ നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി കള്ളന്‍മാര്‍ വിലസി

Untitled-1 copyപരപ്പനങ്ങാടി: ഒരു രാത്രി മുഴുവന്‍ നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കിയ കള്ളന്‍മാര്‍ ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്‌ത്തി. വ്യാഴാഴ്‌ച രാത്രി പരപ്പനങ്ങാടി കരിങ്കല്ലത്താണി പ്രദേശത്താണ്‌ നാട്ടുകാരുടെ ഉറക്കം കെടുത്തി കള്ളന്‍മാര്‍ നാടകീയമായി വിലസിയത്‌.

രാത്രി 8.30 മണിക്കാണ്‌ സംഭവങ്ങളുടെ തുടക്കം. കരിങ്കല്ലത്താണി വാല്‍പ്പറമ്പില്‍ രായിന്‍കുട്ടിയുടെ വീടിന്‌ പുറകുവശത്താണ്‌ ആദ്യമായി കള്ളനെ കണ്ടത്‌. വീട്ടുകാര്‍ ശബ്ദമുണ്ടാക്കിയതോടെ ഇയാള്‍ പടിഞ്ഞാറോട്ട്‌ ഓടുകയായിരുന്നു. തുടര്‍ന്ന്‌ ചെറുപ്പക്കാര്‍ സംഘം ചേര്‍ന്ന്‌ പ്രദേശമാകെ അരിച്ചുപൊറുക്കിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല. ആളുകള്‍ വീട്ടിലേക്ക്‌ മടങ്ങി 9.30 മണിയായതോടെ മറ്റൊരാളുടെ വീടിന്റെ ടെറസിന്‌ മുകളില്‍ കള്ളനെ കാണുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ അയല്‍വാസികള്‍ ശബ്ദമുണ്ടാക്കി ആളെ കൂട്ടിയപ്പോഴേക്കും കള്ളന്‍ വീണ്ടും അപ്രത്യക്ഷനായി. തുടര്‍ന്ന്‌ പോലീസും രംഗത്തിറങ്ങി തെരച്ചിലാരംഭിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. ആളും ബഹളവും അടങ്ങിയതോടെ കള്ളന്‍ വീണ്ടും മറ്റൊരു വീടിന്‌ പിറകില്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ നാട്ടുകാര്‍ കൂടുതല്‍ ഭയവിഹല്വരായി.

തുടര്‍ന്ന്‌ നാട്ടുകാര്‍ കൂട്ടം തിരിഞ്ഞ്‌ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട്‌ കള്ളന്‍ പ്രത്യക്ഷപ്പെട്ടത്‌ രാത്രി 2.30 മണിയോടെയായിരുന്നു. ഇത്തവണ വാതിലില്‍ തള്ളിതുറക്കാന്‍ ശ്രമിക്കുന്നതായിട്ടാണ്‌ വീട്ടുകാര്‍ക്ക്‌ അനുഭവപ്പെട്ടത്‌. വീട്ടുകാര്‍ ബഹളം വെക്കുകയും ലൈറ്റിട്ട്‌ ചുറ്റുവട്ടം പരിശോധിച്ചതോടെ കള്ളന്‍മാര്‍ വീണ്ടും അപ്രത്യക്ഷരായി. ഇന്ന്‌ രാത്രിയിലും ഇന്നലത്തെ സംഭവങ്ങള്‍ ആവര്‍ത്തിക്കുമോ എന്ന ഭീതിയിലാണ്‌ സ്‌ത്രീകളും കുട്ടികളും.

Share news
error: Content is protected !!
Scroll to Top