നാടുകാണി -പരപ്പനങ്ങാടി പാത നവീകരണം;കയ്യേറ്റമില്ലെന്ന് പിഡബ്ല്യുഡി;പരിശോധിക്കണമെന്ന് പരപ്പനങ്ങാടി നഗരസഭ

പരപ്പനങ്ങാടി: നാടുകാണി പരപ്പനങ്ങാടി സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി കയ്യേറ്റം ഒഴിപ്പിച്ച് ഡ്രൈനേജ് നിര്‍മ്മിക്കുന്നതില്‍ വ്യാപക ക്രമക്കേടുകളെന്ന് പരാതി. പലയിടത്തും സ്വകാര്യ വ്യക്തികള്‍ കയ്യേറി നിര്‍മ്മിച്ച നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റാതെ നവീകരണ പ്രവര്‍ത്തനം നടത്തുന്നു എന്നാണ് ആക്ഷേപം.

പരപ്പനങ്ങാടി നഗരസഭയില്‍ ഡ്രൈനേജ് നിര്‍മ്മാണ പ്രവൃത്തി നടന്നതും ഇനി നടക്കാനുള്ള നഗരമേഖലയിലും സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മാണം നടന്നിട്ടുണ്ടെന്ന ആക്ഷേപം നില നില്‍ക്കെ ഇവ പൊളിച്ചുമാറ്റാതെ ഉള്ളസ്ഥലത്ത് ഡ്രൈനേജ് നിര്‍മ്മിക്കാനുള്ള അധികൃതരുടെ നീക്കമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കണമെന്നും സര്‍വ്വേ നടപടികള്‍ പുനഃപരിശോധിച്ച് പഴയ റീ സര്‍വ്വേ വെച്ച് വീണ്ടും സര്‍വ്വേ നടത്തി ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കണമെന്ന പ്രമേയം പ്രതിപക്ഷാംഗം ദേവന്‍ ആലുങ്ങല്‍ നഗരസഭയില്‍ ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേനെ നടപടികള്‍ പുനഃപരിശോധിച്ച് സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാകളക്ടറോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ചമ്രവട്ടം പാത തുറന്നതോടെ ഈ റോഡില്‍ ഗതാഗത തിരക്ക് വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണ്. റെയില്‍വേസ്‌റ്റേഷന്‍ മുതല്‍ അഞ്ചപ്പുര വരെ നിലവില്‍ വളരെ ഇടുങ്ങിയ റോഡായതിനാല്‍ എപ്പോഴും ഇവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ് . ഈ ഭാഗത്താണ് മാറ്റങ്ങള്‍ വരുത്താതെ ഡ്രൈനേജ് നിര്‍മാണപ്രവൃത്തി നടത്താന്‍ പിഡബ്ല്യുഡി ഒരുങ്ങിയത്. പുതിയ റീ സര്‍വ്വേ പ്രകാരം ഇവിടെ യാതൊരു കയ്യേറ്റവും ഇല്ലെന്നാണ് അധികൃതര്‍ ഇക്കാര്യത്തില്‍ നല്‍കുന്ന മറുപടി.

Share news
error: Content is protected !!
Scroll to Top