പരപ്പനങ്ങാടി ജനകീയ വികസനമുന്നണിയിലെ വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ യുഡിഎഫില്‍

പരപ്പനങ്ങാടി: കഴിഞ്ഞ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ എല്‍ഡിഎഫ്-ജനകീയ വികസന മുന്നണി പാനലില്‍ മത്സരിച്ച് വിജയിച്ച മൂന്ന് കൗണ്‍സിലര്‍മാര്‍. യുഡിഎഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ആരോഗ്യ സ്ഥിരസമിതി അധ്യക്ഷയും കുരിക്കള്‍ റോഡ് ഡിവിഷന്‍ അംഗവുമായ പി കെ ഭവ്യാരാജ്, നസീബ് നഗര്‍ ഡിവിഷന്‍ അംഗം ടി പി നഫീസു. യാറത്തിങ്ങല്‍ ഡിവിഷന്‍ അംഗം ബി പി സുഹാസ് എന്നിവരാണ് മുന്നണിവിട്ടത്.

പരപ്പനങ്ങാടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കി. ജനകീയ മുന്നണിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചതായി ഇവര്‍ അറിയിച്ചു. ജനകീയമുന്നണിയുടെ ഭാഗമായി ജയിച്ച ഹനീഫ കൊടപ്പാളിയും യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നാണ് സൂചന. ഇദേഹം ഇപ്പോള്‍ വിദേശത്താണ്.

2015 ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സമയത്ത് മുസ്ലിംലീഗിനെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയില്‍ ജനകീയ വികസന മുന്നണി രൂപം കൊണ്ടത്. കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും വിമത വിഭാഗങ്ങളെയടക്കം ഒരേ പ്ലാറ്റ്‌ഫോമിലെത്തിച്ചായിരുന്നു ഇടതിന്റെ ഈ നീക്കം. തുടര്‍ന്ന് നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 45 സീറ്റില്‍ 18 മുസ്ലിംലീഗ് അംഗങ്ങളും യുഡിഎഫിന്റെ ഭാഗമായി ഒരു കോണ്‍ഗ്രസ് അംഗവും യുഡിഎഫിന്റെ വിമതരായി മത്സരിച്ച രണ്ട് അംഗങ്ങളും,ഒരു ജനതാദള്‍ അംഗവുമടക്കം
22അംഗങ്ങളുള്ള യുഡിഎഫ് ഭരണസമിതി നിലവില്‍ വരികയായിരുന്നു. എല്‍ഡിഎഫ് ജനകീയ മുന്നണി പക്ഷത്ത് എല്‍ഡിഎഫിന് 13 അംഗങ്ങളും ജനകീയമുന്നണി ബാനറില്‍ 7 പേരുമടക്കം 19 പേര്‍ വിജയിക്കുകയായിരുന്നു. ബാക്കിയുള്ള 4 സീറ്റുകളില്‍ ബിജെപിയാണ് ജയിച്ചത്. ഈ മാറ്റത്തോടെ ഭരണപക്ഷത്ത് കോണ്‍ഗ്രസിന്റെ അംഗസംഖ്യ അഞ്ചായി ഉയര്‍ന്നു.

Related Articles