മമ്പുറം മഖാമിന് സമീപത്തെ അനധികൃത കച്ചവടങ്ങള്‍ പൊളിച്ചുനീക്കി: പ്രതിഷേധവുമായി കച്ചവടക്കാര്‍

തിരൂരങ്ങാടി:  ഹൈക്കോടതി വിധിയെ തുടര്‍ന്ന് മമ്പുറം മഖാമിന് സമീപത്തെ റോഡിലും പുതിയ പാലത്തിനടിയിലുമുള്ള നിരവധി അനധികൃത തെരുവ് കച്ചവടങ്ങള്‍ പൊളിച്ചുമാറ്റി. പോലീസിടപെട്ട് കടകള്‍ പൊളിക്കുന്നതിനെതിരെ കച്ചവടക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

പൊതുമരാമത്ത് വകുപ്പ് റോഡ്സ് ആന്റ് ബ്രിഡ്ജ്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറാണ് പൊലിസിന്റെ സഹായത്തോടെ കച്ചവടങ്ങള്‍ നീക്കം ചെയ്തത്. തെരുവ് കച്ചവടങ്ങള്‍ക്കെതിരെ പരിസരത്ത് താമസിക്കുന്നവരും, വ്യാപാരി വ്യവസായി ഏകോപന സമിതി മമ്പുറം യൂണിറ്റും, മഖാം നടത്തിപ്പുകാരായ ചെമ്മാട് ദാറുല്‍ ഹുദാ കമ്മറ്റിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇതേതുടര്‍ന്ന് ഇവ നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും, വേണ്ട പൊലിസ് സംരക്ഷണം നല്‍കാന്‍ മലപ്പുറം ഡി.വൈ.എസ്.പിക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഒഴിപ്പിക്കല്‍ തുടങ്ങിയതോടെ പ്രതിഷേധവുമായി തെരുവകച്ചവടക്കാര്‍ രംഗത്തെത്തി. ഇവര്‍ കമ്മറ്റിക്കാര്‍ക്കും, വ്യാപാരിവ്യവസായി ഏകോപനസമതി നേതാക്കള്‍ക്കുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് മഖാമിന് മുന്നില്‍ കുത്തിയിരുന്നു. പോലീസ് വളരെ അനുനയത്തില്‍ കാര്യങ്ങള്‍ കൈകാര്യംചെയ്യുകയായിരുന്നു.

മമ്പുറം പുതിയ പാലത്തിനും, സര്‍വീസ് റോഡിനുമായി 23സെന്റ് ഭൂമിയാണ് മഖാം കമ്മറ്റി പൊതുമരാമത്ത് വകുപ്പിന് സൗജന്യമായി വിട്ടുനല്‍കിയത്. നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം പാലത്തിന്റെ താഴ് ഭാഗം മഖാമിലെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ വിട്ടുനല്‍കണമെന്ന് കമ്മറ്റി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഫീസ് ഈടാക്കാതെ ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ 2015 ഒക്ടോബര്‍ 7ന് പൊതുമരാമത്ത് വകുപ്പ് മഖാം കമ്മറ്റിക്ക് അനുമതി നല്‍കുകയും ചെയ്തു. പ്രസ്തുത സ്ഥലത്ത് പരസ്യബോര്‍ഡുകളോ, കച്ചവടങ്ങളോ പാടില്ലെന്ന് പ്രത്യേകം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്രമേണ പാലത്തിന്റെ താഴെ തെരുവ് കച്ചവടക്കാര്‍ കയ്യേറുകയാണുണ്ടായതെന്ന് മഖാം കമ്മറ്റി പറയുന്നു. മുപ്പതോളം കച്ചവടങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.

Related Articles