HIGHLIGHTS : memmories of football in parappangadi

” മിന്നല്‍ ആലിക്കുട്ടി നയിക്കുന്ന പരപ്പനങ്ങാടി ടൗണ്‍ ടീമും കോഴിക്കോട് ബ്ലാക്ആന്റ് വൈറ്റും തമ്മില്‍ ചുടലപ്പറമ്പ് മൈതാനിയില്‍ ഏറ്റുമുട്ടുന്നു ! കടുത്ത ഫുട്‌ബോള്‍ മത്സരം കാണാന്‍ എല്ലാ കായിക പ്രേമികളേയും ഇന്ന് വൈകുന്നേരം ചുടലപ്പറമ്പ് മൈതാനിലേക്ക് ക്ഷണിച്ച് കൊള്ളുന്നു …” ഞങ്ങള്‍ ആമത്തോട് എന്ന് വിളിക്കുന്ന ലാന്റ്മാസ്റ്റര്‍ കാറില്‍ കോളാമ്പി ഹോണ്‍ കെട്ടി നിരത്തിലൂടെ വിളിച്ചു പറഞ്ഞ് പോകുന്നു .
ചുടലപ്പറമ്പ് മൈതാനിയില്‍ ടിക്കറ്റ് വെച്ച് നടത്തിയ ഫുട്‌ബോള്‍ മത്സരം . MASS (മുസ്ലീം അനാഥ സംരക്ഷണ സമിതി ) ആണ് സംഘാടകര്‍ . ഉദ്ഘാടകന്‍ പ്രസിദ്ധ സിനിമാ നടന്‍ കെപി ഉമ്മര്‍ ! 1970 കാലം അബുമാഷെ വീട്ടില്‍ നിന്നും കെപി ഉമ്മറും , കയ്യില്‍ ഒരു ബോളുമായി റഹീമും ഇറങ്ങി. കൂടെ മാമൂദ്‌നഹയും അസീസ് നഹയും മറ്റ് സംഘാടകരും. ” കാറ് വരുത്തട്ടെ ” എന്ന ചോദൃത്തിന് ” വേണ്ട ഇവിടെ അടുത്തല്ലേ നമുക്ക് നടക്കാം ” എന്ന് ഉമ്മര്‍ . പരപ്പനങ്ങാടി മൂപ്പര്‍ക്ക് നല്ല പരിചയമാണ്, അവിടന്ന് ചുടലപ്പറമ്പിലേക്ക് കൃതൃം ഒരുകിലോമീറ്ററുണ്ട് . ഇന്നാണങ്കില്‍ ആര് നടക്കാന്‍…

മൈതനത്തിന് പടിഞ്ഞാറ് ഭാഗത്ത് ചെറിയ ഗാലറിയും കസേരയും മറ്റ് ഭാഗങ്ങളില്‍ മുളകെട്ടിത്തിരിച്ച് നിന്നുകാണലും ചുറ്റും ഓലമറ . കണ്ണൂര്‍ , മലപ്പുറം, മഞ്ചേരി, കോഴിക്കോട് , തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകള്‍ മത്സരിച്ചു പരപ്പനങ്ങാടി ടൗണ്‍ടീം ഹിറ്റ്‌ലര്‍ കുഞ്ഞിമോന്‍, ആലിക്കുട്ടി തുടങ്ങിയവരുടെ മേല്‍നോട്ടത്തിലായിരുന്നു ? അന്ന് മഞ്ചേരി ടീം ചാമ്പൃന്‍മാരായി.
പരപ്പനങ്ങാടിയിലെ പഴയകാല ഫുട്‌ബോള്‍ കളിക്കാര്‍ കാട്ടില്‍ ബാവാജി , പോര്‍ട്ടര്‍ മാന്വാക്ക, യാക്കൂത്ത് തുടങ്ങിയവരായിരുന്നു. പിന്നീട് കമ്പി ശിപായിയായ കമ്പിആലിക്കുട്ടി പ്രമുഖ കളിക്കാരനായി , മിന്നല്‍ വേഗത്തിലുള്ള ഓട്ടം കാരണമാണ് മിന്നല്‍ആലിക്കുട്ടി എന്നപേര് കിട്ടിയത്. അന്ന് ബൂട്ട്‌സും ജേര്‍സിയുമില്ല വെറും കാലിലാണ് കളി , ചിലര്‍ പട്ടീസ് ഏങ്കളര്‍ തുടങ്ങിയവ ഉപയോഗിക്കും. മഞ്ഞ പച്ച ,വെള്ള നീല , മഞ്ഞ ബ്രൗണ്‍ തുടങ്ങിയ നിറങ്ങളിലുള്ള തുണിക്കഷണങ്ങള്‍ ഉപയോഗിച്ചാണ് കളിക്കുപ്പായം തുന്നിയിരുന്നത് ! പോക്കറ്റ് കൈ കോളര്‍ എന്നിവ വേറേ നിറത്തിലുള്ള കഷണങ്ങള്‍ യോജിപ്പിക്കും( ഇന്ന് ലോകത്തെ ഏത് ടീമിന്റെ ജേര്‍സിയും ഏത് വലുപ്പത്തിലും കിട്ടും . )
പിന്നീട് പലതരം ടൂര്‍ണമെന്റുകള്‍ നടന്നു. സെവന്‍സും,165സെന്റീമീറ്റര്‍ ഉയരക്കാര്‍ക്കുള്ള ഫൈവ്‌സും. ചെട്ടിപ്പടി വലിയപാടത്തും, കടപ്പുറത്തെ മത്തിപ്രസ്സ് ഗ്രൗണ്ടിലും മത്സരങ്ങള്‍ നടന്നിരുന്നു. പിന്നീട് വന്ന കളിക്കാര്‍ പുളിക്കലകത്ത ഹംസ ,ജര്‍ണൈല്‍ സിങ്ങ് സുകുമാരന്‍ ,വി ശിവശങ്കരന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍, പാലക്കല്‍ സുകുമാരന്‍ , കുരുത്തക്കേട് അബൂബക്കര്‍ , വിജകൃഷ്ണന്‍, കൃഷ്ണന്‍ കുട്ടി, കുറ്റിയില്‍ മണിയന്‍, ശുക്രന്‍ രവി തുടങ്ങിയവര്‍.
നവജീവന്‍ വായനശാല രണ്ട് വര്‍ഷം ടൂര്‍ണമെന്റ് നടത്തി , അതെല്ലാം സെവന്‍സായിരുന്നു. അന്ന് പുതുതായി വന്ന ചന്ദ്രശേഖര്‍ സ്‌പോര്‍ട്‌സ് ചിറമംഗലത്തിന് നല്ല കളിക്കാരുണ്ടായിരുന്നു. പുറത്ത് നിന്ന് കളിക്കാരെ വരുത്തിയാണ് അന്ന് പല ടീമും ശക്തി കൂട്ടിയത്.. പല ടൂര്‍ണമെന്റിലും ട്രോഫി മാത്രമേ ഉണ്ടായിരുന്നുള്ളൂ റണ്ണേഴ്‌നു പോലും ഒന്നും കിട്ടാറില്ല , കളിവാശിയുള്ള ചിലരാണ് കളിക്കാരുടെ ഭക്ഷണവും ടിഎ യും കൊടുത്തിരുന്നത്.
പിന്നീട് സ്ട്രക്കേഴ്‌സ് പരപ്പനങ്ങാടി പ്രമുഖ ടീമായി പരിസരത്തെ പല മത്സരങ്ങളിലും പങ്കെടുത്തു. കോഴിക്കോട് ബ്രൗണ്‍ഷൂട്ടേഴ്‌സിന്റെ കളിക്കാരനായ ടീകെ അരവിന്ദന്‍ അവരുടെ ശക്തനായ ഫോര്‍വേഡായിരുന്നു. യൂവി ശ്രീധരന്‍, ഹംസക്കോയ , ചന്ദ്രന്‍, ജീകെ ദിനേശന്‍, സൈദു, ഹസ്സന്‍ കോയ, പുളിക്കലകത്ത് ഇസ്മായേല്‍ , സീപി അബ്ദുറഹ്‌മാന്‍ , സേതുമാധവന്‍ , ബാലസുബ്രഹ്‌മണൃന്‍ ,വേലായുധന്‍ തുടങ്ങിയവരായിരുന്നു ആ കാലത്തെ പ്രമുഖ കളിക്കാര്‍ .അന്നേക്ക് കളിക്കാര്‍ ബൂട്ട്‌സ് ഉപയോഗിക്കാന്‍ തുടങ്ങി. നല്ല കളിമികവുള്ള പണിക്കര്‍ മണി ബൂട്ട്‌സ് ഉപയോഗിക്കാത്തതിനാല്‍ പിറകോട്ട് പോയി, കളി ഉപേക്ഷിച്ചു .
കുറച്ച് കഴിഞ്ഞ് ഷൂട്ടിങ്ങ് സ്റ്റാര്‍ ക്ലബ്ബ് വന്നു . പിന്നീട് നവരശ്മി സ്‌പോര്‍ട്‌സ് ക്ലബ്ബ് ചെറമംഗലം പ്രധാനികളായി.. പുളിക്കലകത്ത റസാഖ് , ഭൂഷണ്‍ , കാരയില്‍ ബാലചന്ദ്രന്‍ , വാലില്‍ ഉണ്ണികൃഷ്ണന്‍, ഉദയന്‍, ഉമ്മര്‍ , രവി, സുശീലന്‍ , അജിത് കുമാര്‍ , സന്തോഷ് , നജീബ് തുടങ്ങിയവര്‍ ഈ ക്ലബ്ബിലെ പ്രമുഖ കളിക്കാരായിരുന്നു.
പരപ്പനങ്ങാടി ടൗണിലെ എവര്‍ഷൈന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 1980ല്‍ ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഫൈനല്‍ ഫിഷര്‍മെന്‍ പരപ്പനങ്ങാടിയും പാലത്തിങ്ങലുമായിട്ടായിരുന്നു. പാലത്തിങ്ങല്‍ 2-1ന് ലീഡ് നേടിയിരുന്നു .. കളിഅവസനിക്കും മുമ്പ് ഫിഷര്‍മെന്‍ ഒരുഗോള്‍ നേടി പക്ഷേ അത് ഓഫ് സൈഡായിരുന്നു പക്ഷേ ഫിഷര്‍മെന്‍ അതങ്ങീകരിച്ചില്ല ”ഓഫും കീഫും ഞമ്മക്കില്ല പന്ത് മാലില് വീണാ ഗോളാണ് …” അങ്ങനെ ആ ടൂര്‍ണമെന്റ് അലസി ? ആ പറച്ചില്‍ നാട്ടിലെ ഒരു ചൊല്ലായി? പിന്നെ ഒരു പാട് കളികള്‍ ചുടലപ്പറമ്പില്‍ പൂര്‍ണ്ണമാകാതായി.
അക്കാലത്ത് ചുടലപ്പറമ്പ് മൈതാനിയില്‍ നടക്കുന്ന കളി അറിയിപ്പ് വണ്ടിയില്‍ നിന്ന് പറത്തിവിടുന്ന നോട്ടീസ് ഓടിയെടുത്ത്… പൊരിവെയിലത്ത് വെറും കാലില്‍ നടന്ന് ചുടലപ്പറമ്പ് എത്തി ടിക്കറ്റിന് പണമില്ലാതെ മറച്ച ഓലപ്പഴുതിലൂടെ എത്തി നോക്കി കളികാണല്‍ … ടിക്കറ്റില്ലാത്ത ടൂര്‍ണമെന്റിന്റെ ഇടവേളയില്‍ കളിക്കാര്‍ക്ക് പൊട്ടിച്ച് കൊടുക്കുന്ന സോഡ അവര്‍ പകുതി കുടിച്ച് പകുതി മുഖം കഴുകുമ്പോള്‍ വെയില്‍ കൊണ്ട് കളി കണ്ട് വരണ്ട തൊണ്ട നനക്കാന്‍ …
സോഡക്ക് എന്തൊരാര്‍ത്തിയായിരുന്നു അന്നത്തെ കുട്ടികള്‍ക്ക് ? അല്ലെങ്കിലും സോഡ അന്നൊരു കിട്ടാക്കനിയായിരുന്നു.
നാരായണന്‍ അത്തോളി
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു