എന്നും നിയമസഭയില്‍ ചര്‍ച്ചയായി പരപ്പനങ്ങാടി ഹാര്‍ബര്‍; അബ്ദുറബ്ബിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: പരപ്പനങ്ങാടി ഫിഷിങ്ങ് ഹാര്‍ബറിന് മുന്‍ സര്‍ക്കാര്‍ ഒരു ചില്ലിക്കാശും വകയിരുത്തിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചാല്‍ പദ്ധതിക്ക് തുക അനുവദിക്കലാകില്ലെന്നും തിരുരങ്ങാടി എം എല്‍ എ അബ്ദുറബിനോട് ധനമന്ത്രി. കഴിഞ്ഞ ദിവസം ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സഭയില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അബ്ദുറബ്ബ് മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റ കാലത്ത് 3 ബജറ്റ് പ്രസംഗങ്ങളില്‍ കോടികള്‍ വകയിരുത്തുന്നതായുള്ള പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാലത്ത് പ്രഖ്യാപനങ്ങള്‍ മാത്രമാണുണ്ടായത് എന്നായിരുന്നു രേഖകള്‍ ഉയര്‍ത്തിക്കാട്ടി ധനമന്ത്രിയുടെ മറുപടി.

ഇതിന് മറുപടി പറയവേ അന്ന് തുക വകയിരുത്തിയിട്ടില്ലെന്ന് എം എല്‍ എ യും സമ്മതിച്ചു. അതിന് കാരണം അവിടെ നിലനിന്നിരുന്ന ഹാര്‍ബര്‍ എവിടെ വേണമെന്ന പ്രദേശിക തര്‍ക്കങ്ങള്‍ ആയിരുന്നെന്നും എം എല്‍ എ പറഞ്ഞു.

പരപ്പനങ്ങാടിയിലെ മത്സ്യതൊഴിലാളികളുടെ ചിരകാല അഭിലാഷമായ ഫിഷിങ്ങ് ഹാര്‍ബര്‍ വരുന്ന ഇരുപതാം തിയ്യതി മുഖ്യമന്ത്രി നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ഉദ്ഘാടനം ചെയ്യാനിരിക്കെ ഇതിന്റെ ക്രെഡിറ്റ് സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന കല്ലിടല്‍ മാമാങ്കത്തില്‍ പരപ്പനങ്ങാടി ഹാര്‍ബറിനും തറക്കല്ലിട്ടിരുന്നു.

ഈ നിയമസഭ സമ്മേളനത്തില്‍ താനൂര്‍ എം എല്‍ എ വി. അബ്ദുറഹിമാന്‍ പരപ്പനങ്ങാടി ഹാര്‍ബറിനെ കുറിച്ച് സബ്മിഷന്‍ ഉന്നയിച്ചതോടെയാണ് വിവാദങ്ങള്‍ക്കും ചൂടുപിടിച്ചത്. നേരെത്തെ ഈ ഹാര്‍ബര്‍ എവിടെ വരണമെന്നത് സംബന്ധിച്ച് പ്രാദേശിക തര്‍ക്കം നിലനിന്നിരുന്നു. മേഴ്‌സിക്കുട്ടിയമ്മ ഫിഷറീസ് മന്ത്രിയായതിന് ശേഷമാണ് ഈ തര്‍ക്കം പരിഹരിച്ചത്.

നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക്ക് അബ്ദുറബ്ബ് എം എല്‍ എക്ക് നല്‍കുന്ന മറുപടിയുടെ ദൃശ്യങ്ങള്‍.

Related Articles