HIGHLIGHTS : താനൂര്‍: ദശാബ്ദങ്ങള്‍ക്കു മുന്‍പ് പ്രവാസജീവിതത്തിന്റെ ഏകാന്തതയെ അതിജീവിക്കാന്‍ മലയാളികള്‍ ആശ്രയിച്ചിരുന്ന കത്തുപാട്ടുകളടക്കം പാടി ജനഹൃദയത്തിലിടം നേ...
താനൂര്‍: ദശാബ്ദങ്ങള്‍ക്കു മുന്‍പ് പ്രവാസജീവിതത്തിന്റെ ഏകാന്തതയെ അതിജീവിക്കാന്‍ മലയാളികള്‍ ആശ്രയിച്ചിരുന്ന കത്തുപാട്ടുകളടക്കം പാടി ജനഹൃദയത്തിലിടം നേടിയ ‘പറമ്പന്‍ താനൂര്‍’ എന്ന ബാവുട്ടി തന്റെ സപര്യ തുടരുകയാണ്. വളരെ ചെറിയപ്രായം തൊട്ടേ ജനപ്രിയമായ മെഹ്ഫിലുകളുടേയും മാപ്പിളപ്പാട്ടുകളുടേയും തോഴനായ പറമ്പന്‍ മലബാറിലൂടനീളം പാട്ടുകാരനായി സഞ്ചരിച്ചിട്ടുണ്ട്. ബാല്യത്തില്‍ വായ്പാട്ടിലൂടെയാണ് സംഗീതലോകത്ത് പറമ്പന്റെ അരങ്ങേറ്റം. പിന്നീട് സ്‌കൂള്‍ കലോത്സവങ്ങളില്‍ സജീവസാന്നിധ്യമായി. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
പൊന്നാനിയുടെ സംഗീതജ്ഞനായ ഉസ്താദ് ബിച്ചാമു, തിരൂര്‍ ഷാ, ചന്തുമാഷ് തുടങ്ങിയവരാണ് ആദ്യകാലങ്ങളില്‍ പറമ്പന്റെ ഗുരുസ്ഥാനീയര്‍. ബാബുരാജ്, കമുകറ പുരുഷോത്തമന്‍, ഉദയഭാനു, ബ്രഹ്മാനന്ദന്‍ എന്നിവരുടെ ഗാനങ്ങളായിരുന്നു അറുപതുകളിലെ വേദികളില്‍ ഇദ്ദേഹം പാടിയിരുന്നത്. നീണ്ട 15 വര്‍ഷത്തോളം ഖത്തറിലെ പ്രവാസജീവിത കാലഘട്ടത്തില്‍ മലയാളികളുടെ കൂട്ടായ്മകളില്‍ പറമ്പന്‍ താനൂര്‍ സ്ഥിരസാന്നിധ്യമായിരുന്നു. ഖത്തര്‍ എം.ഇ.എസ് സ്‌കൂള്‍ ബസില്‍ കണ്ടക്ടറായിരുന്ന സമയത്ത് സ്‌കൂളിലെ വാര്‍ഷികാഘോഷത്തിനിടെ ഖത്തര്‍ രാജകുടുംബാംഗവും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഇദ്ദേഹം അറബിയില്‍ ആലപിച്ച ഗാനം ഇഷ്ടപ്പെട്ട സദസ്സ് തുടരെ തുടരെ ഇതു പാടുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അവിടെ വെച്ച് പരിചയപ്പെട്ട രാജകുടുംബാംഗം കൊട്ടാരത്തിലേക്ക് ക്ഷണിച്ചത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മയും ബഹുതിയുമായി പറമ്പന്‍ കണക്കാക്കുന്നു.
പ്രവാസജീവിതത്തിനിടയില്‍ നാട്ടിലെത്തിയ പറമ്പന്‍ സാംസ്‌കാരിക സംഘടനയായ താനൂര്‍ യൂത്ത് അസോസിയേഷനില്‍ അംഗമായതോടെ നാട്ടിലെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. ആയിടയ്ക്കാണ് ഗാനഗന്ധര്‍വന്‍ യേശുദാസിനെ കണ്ടുമുട്ടാന്‍ അവസരം ലഭിച്ചത്. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ അനര്‍ഘമായിരുന്നുവെന്ന് പറമ്പന്‍ ഓര്‍ക്കുന്നു.
പ്രദേശത്തെ ഉത്സവപറമ്പുകളിലെ വേദികളിള്‍ പറമ്പന്റെ ശബ്ദം മുഴങ്ങുന്നത് നാടിന്റെ മതമൈത്രിക്ക് തെളിവാണെന്ന് പഴമക്കാര്‍ പറയുന്നു. സംഗീതത്തോടൊപ്പം ജനസേവനവും കൈമുതലായുള്ള ഇദ്ദേഹത്തിന് പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രവാസി ഭാരതി എന്ന സംഘടന തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത വേദിയില്‍ എം എസ് ബാബുരാജിന്റെ മെലഡികള്‍ ആലപിച്ചത് നിരവധിപേരുടെ പ്രശംസക്കിടയാക്കി. കലാകാരന്മാരുടെ സംഘടനയായ ‘നന്മ’ സംഘടിപ്പിച്ച കലാകാരദിനത്തോടനുബന്ധിച്ച് പറമ്പന്‍ താനൂരിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
തുപ്പായി പറമ്പില്‍ ബാവുട്ടി എന്ന പറമ്പന്‍ പാടുകയാണ്, ദശാബ്ദങ്ങള്‍ക്കിപ്പുറവും കൂടെ സഹധര്‍മിണി സുഹറയും….