ടോക്യോ പാരലിമ്പിക്‌സില്‍ ഇന്ത്യ ആദ്യ മെഡലുറപ്പിച്ചു. ടേബിള്‍ ടെന്നിസില്‍ ഫൈനല്‍ പ്രവേശനം നേടിയ ഭവിന പട്ടേല്‍ ആണ് ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ചത്. സൈനയുടെ ഴാങ് മിയാവോക്കെതിരെ ഐതിഹാസിക പോരാട്ടമാണ് ഭവിന കാഴ്ചവച്ചത്. സ്‌കോര്‍ 3-2. ലോക ഒന്നാം നമ്പര്‍ താരമായ മിയാവോയ്‌ക്കെതിരെ മുന്‍പ് മൂന്ന് തവണ കളിച്ചപ്പോഴും ഭവിന പരാജയപ്പെട്ടിരുന്നു.
ആദ്യ സെറ്റ് ഏഴിനെതിരെ 11 പോയിന്റുകള്‍ക്ക് ചൈനീസ് താരം സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ തിരികെ വന്ന ഭവന ഇതേ സ്‌കോറിന് മിയാവോയെ തോല്‍പിച്ചു. മൂന്നാം സെറ്റില്‍ ചൈനീസ് താരത്തെ നിഷ്പ്രഭയാക്കിയ ഭവിന 11-4 എന്ന സ്‌കോറിനാണ് വിജയിച്ചത്. നാലാം സെറ്റില്‍ 9നെതിരെ 11 പോയിന്റുകള്‍ നേടിയ മിയാവോ ഇന്ത്യന്‍ താരത്തിനൊപ്പം പിടിച്ചു. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ 8നെതിരെ 11 പോയിന്റുകള്‍ നേടിയ ഭവിന സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ ഒളിമ്പിക്‌സിലെ ഗോള്‍ഡ് മെഡലിസ്റ്റിനെയാണ് ഭവിന ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടക്കിയത്. ഇന്ന് സെമിയില്‍ ഭവിനയോട് കീഴടങ്ങിയ ഴാങ് മിയാവോ ആ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവായിരുന്നു. ഫൈനലില്‍ മറ്റൊരു ചൈനീസ് താരം ഴൂ യിങ് ആണ് ഭവിനയുടെ എതിരാളി. നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 7.15ന് മത്സരം നടക്കും.
54 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുക. ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ആര്‍ച്ചറി, അത്‌ലറ്റിക്സ് (ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്), ബാഡ്മിന്റണ്‍, നീന്തല്‍, ഭാരോദ്വഹനം തുടങ്ങി 9 ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുക. ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ അഞ്ചു കായികതാരങ്ങളടക്കം 11 പേരാണ് അണിനിരക്കുക. ഇന്ത്യന്‍ ടീമിലെ ഏക മലയാളി സിദ്ധാര്‍ഥ ബാബു ഷൂട്ടിങ്ങില്‍ മത്സരിക്കും.
ഷോട്ട് പുട്ട് താരം ടേക് ചന്ദ് ആണ് ഇന്ത്യന്‍ സംഘത്തിന്റെ പതാകവാഹകനായത്. നേരത്തെ നിശ്ചയിച്ചിരുന്ന മാരിയപ്പന്‍ തങ്കവേലു ക്വാറന്റീനില്‍ ആയതിനാലാണ് ചന്ദിനെ പതാക ഏല്പിച്ചിരിക്കുന്നത്. മാരിയപ്പനൊപ്പം മറ്റ് അഞ്ച് അത്ലീറ്റുകള്‍ കൂടി ക്വാറന്റീനിലാണ്. ഒളിമ്പിക്‌സില്‍ പങ്കെടുക്കാനായി ഇവര്‍ എത്തിയ വിമാനത്തില്‍ കൊവിഡ് ബാധിതനുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് താരങ്ങളെ ക്വാറന്റീനിലാക്കിയത്.




