പന്തീരങ്കാവ് വാഹനാപകടം; ലോറിഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പോലീസ്

കോഴിക്കോട്: പന്തീരങ്കാവ് വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റിലായി. മണ്ണാര്‍ക്കാട് സ്വദേശി ഹാരിസിനെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹാരിസിനെതിരെ കേസെടുത്തിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചതടക്കം മറ്റ് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ദേശീയപാത രാമനാട്ടുകര ബൈപ്പാസില്‍ പന്തീരാങ്കാവിനടുത്ത് വ്യാഴാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ 2 പേര്‍ മരിക്കുകയും 4 പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. ഹാരിസ് ഓടിച്ച സിമന്റ് ലോറി കാറിലും ഗുഡ്‌സ് ഓട്ടോയിലും ഇടിച്ചാണ് അപകടം ഉണ്ടായത്.

കാര്‍ യാത്രക്കാരായ മടവൂര്‍ അരങ്കില്‍ താഴം എതിരംമല കോളനിയിലെ കൃഷ്ണന്‍കുട്ടി (55), ഭാര്യ സുധ (45) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മകന്‍ അരുണ്‍ (21), സുഹൃത്ത് കാര്‍ ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി അലി, ഗുഡ്‌സ് ഓട്ടോയിലുണ്ടായിരുന്ന ചേളാരി പടിക്കല്‍ ഒറ്റതിങ്ങില്‍ അന്‍വര്‍ (44), സമീറ (38) എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.

കോഴിക്കോട് ഭാഗത്തു നിന്ന് അതിവേഗത്തില്‍ തെറ്റായ വശത്തു കൂടെ വന്ന ലോറി എതിരേ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. കാറിനെ വലിച്ചിഴച്ച് മുന്നോട്ടു പോയ ലോറി, ഗുഡ്‌സ് ഓട്ടോയിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും ഓട്ടോ ഭാഗികമായും തകര്‍ന്നു. ലോറിയുടെ ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും പോലീസ് പിടിക്കുകയായിരുന്നു. കാര്‍ ലോറിക്കടിയില്‍പ്പെട്ടതിനാല്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

 

Share news
error: Content is protected !!
Scroll to Top