പാണ്ടിക്കാട് അടയ്ക്കാ മോഷ്ടാവ് പിടിയില്‍

മലഞ്ചരക്ക് കടയില്‍നിന്ന് അടക്ക മോഷ്ടിച്ച് സമീപത്തെ മറ്റൊരു മലഞ്ചരക്ക് കടയില്‍ വില്‍പ്പന നടത്തിയ ആളെ പൊലീസ് പിടികൂടി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി പുതുപറമ്പില്‍ സമീറാണ് പാണ്ടിക്കാട് പൊലിസിന്റെ പിടിയിലായത്.

സെപ്തംബര്‍ 12നാണ് പാണ്ടിക്കാട് വളുവങ്ങാട് റോഡിലെ മലഞ്ചരക്ക് കടയില്‍നിന്ന് 10 കിലോ അടയ്ക്കയും 500 രൂപയും മോഷണം പോയത്. തുടര്‍ന്ന് ഉടമയുടെ പരാതിയില്‍ പാണ്ടിക്കാട് പൊലീസ് കേസെടുത്തു. അന്വേഷണത്തില്‍ സമീപത്തെ മറ്റൊരു മലഞ്ചരക്ക് കടയില്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തി.

ചോദ്യംചെയ്തതോടെ മറ്റൊരു മോഷണവും തെളിഞ്ഞു. സെപ്തംബര്‍ 14ന് മഞ്ചേരി റോഡിലുള്ള മലഞ്ചരക്ക് കടയില്‍നിന്ന് പകല്‍ സമയത്ത് 32,000 രൂപ മോഷ്ടിച്ചെന്ന് സമീര്‍ സമ്മതിച്ചതായി പൊലിസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top