തിരൂരങ്ങാടി : പാലത്തിങ്ങല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിലും, ന്യൂ കട്ട് റഗുലേറ്ററിലും പ്രളയത്തില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യ്തു തുടങ്ങി. പ്രവര്‍ത്തിയുടെ ആദ്യപടിയായി പാലത്തിങ്ങല്‍ പാലത്തില്‍ അടിഞ്ഞു കൂടിയമാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തികളാണ് ഇന്നലെ ആരംഭിച്ചത്.
കഴിഞ്ഞ പ്രളയത്തില്‍ നിരവധി മരത്തടികളും മാലിന്യങ്ങളും അടിഞ്ഞു കൂടി പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന് കടലുണ്ടി പുഴയും, കീരനല്ലൂര്‍ പുഴയും കരകവിഞ്ഞൊഴുകി നിരവധി വീടുകള്‍ വെള്ളക്കെട്ടിലാവുകയും ചെയ്തിരുന്നു. ഇതുമൂലം പ്രദേശത്തുകാര്‍ മാറിത്താമസിക്കേണ്ടി വരികയും വന്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
പുഴയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി എംപി സാലിഹ് തങ്ങള്‍ ജില്ലാ കളടര്‍ക്ക് നിവേദനം നല്‍കുകയും തുടര്‍ന്ന് പുഴ വൃത്തിയാക്കാനുള്ള തുക അനുവദിക്കുകയും ചെയ്തിരുന്നു.




