മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ സംഭവം; പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട്: അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂള്‍ അധികൃതര്‍. മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിനാണ് വിദ്യാര്‍ത്ഥി അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത്. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. തുടര്‍ നടപടികള്‍ അടുത്ത ദിവസം ചേരുന്ന രക്ഷാകര്‍തൃ മീറ്റിങ്ങില്‍ തീരുമാനിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പിടിച്ചു. ഫോണ്‍ അധ്യാപകന്‍, പ്രധാന അധ്യാപകന്റെ കൈവശം ഏല്‍പ്പിച്ചു. ഇത് ചോദിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്റെ മുറിയില്‍ എത്തിയത്. തനിക്ക് മൊബൈല്‍ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാര്‍ത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി.

ദൃശ്യങ്ങള്‍ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകന്‍ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകന്‍ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top