പാലക്കാട് ജില്ലാ ആശുപത്രി: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

പാലക്കാട് ജില്ലാ ആശുപത്രിയില്‍ 9 വയസുകാരിക്ക് നല്‍കിയ ചികിത്സയില്‍ പിഴവെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചികിത്സാ പിഴവുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദേശം. സംഭവത്തിൽ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി പാലക്കാട് ഡി.എം.ഒ. വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഡോ. പത്മനാഭൻ, ഡോ. കാവ്യ എന്നിവർക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിലൂടെ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകും.

പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. സെപ്റ്റംബര്‍ 24-ന് കളിക്കുന്നതിനിടെ വീണപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും കൈയില്‍ പ്ലാസ്റ്റര്‍ ഇടുകയും ചെയ്തിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്ന് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് കുട്ടിയുടെ അമ്മ പ്രസീത പറയുന്നു. പ്ലാസ്റ്റര്‍ ഇട്ട ശേഷവും കുട്ടിക്ക് വേദനയുണ്ടെന്ന് അറിയിച്ചപ്പോള്‍ അഞ്ച് ദിവസം കഴിഞ്ഞ് വരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, 5 ദിവസത്തിന് ശേഷം പ്ലാസ്റ്റര്‍ മാറ്റിയപ്പോള്‍ കുട്ടിയുടെ കൈയില്‍ രക്തയോട്ടം നിലച്ച് അഴുകിയ നിലയിലായിരുന്നു എന്നും അമ്മ പറഞ്ഞു. തുടര്‍ ചികിത്സക്കായി മറ്റൊരു ആശുപത്രിയെ സമീപിക്കാന്‍ ഡോക്ടര്‍മാര്‍ പിന്നീട് നിര്‍ദേശിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ കഴിയാതിരുന്ന കുടുംബം, തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്.

9 വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചു. സാധാരണ പോലെ തന്നെ എല്ലാ ചികിത്സയും നല്‍കിയിരുന്നു. സംഭവിച്ചത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാര്യമാണെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ജയശ്രീ വ്യക്തമാക്കി. കുട്ടിക്ക് വേദന വന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനാലാണ് ഈ ഒരു സ്ഥിതിയിലേക്കെത്തിയതെന്നും ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top