പത്മശ്രീ കെ വി റാബിയ അന്തരിച്ചു

മലപ്പുറം: സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു. 59 വയസ്സായിരുന്നു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകയുമാണ് പത്മശ്രീ കെ വി റാബിയ.തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25 നായിരുന്നു ജനനം.

2022ലാണ് രാജ്യം റാബിയയെ പത്മശ്രീ നല്‍കി ആദരിച്ചത്. സാക്ഷരത രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ആയിരുന്നു രാജ്യത്തിന്റെ പത്മശ്രീ ആദരം.

കുട്ടിയായിരിക്കുമ്പോള്‍ റാബിയ കിലോമീറ്ററുകള്‍ നടന്നാണ് സ്‌കൂളില്‍ പോയിരുന്നത്. എന്നാല്‍ ഹൈസ്‌കൂള്‍ പഠനകാലത്ത് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് 14 ാം വയസ്സില്‍ കാലുകള്‍ നിശ്ചലമായി. ഇതിലൊന്നും തളരാരെ വീട്ടുകാരുടെയും കൂട്ടുകാരുടെയും പിന്തുണയോടെ പഠനം തുടര്‍ന്നു. എസ്എസ്എല്‍സിക്ക് ശേഷം തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ ചേര്‍ന്ന് പ്രീഡിഗ്രി പഠനം നടത്തിയെങ്കിലും അവിടെ പഠനം പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്നുള്ള പഠനം വീട്ടില്‍ വെച്ചായിരുന്നു. സ്വയം പഠിച്ച് ബിരുദങ്ങള്‍ സ്വന്തമാക്കിയ റാബിയ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുക്കാനും തുടങ്ങി.

ശാരീരിക പരിമിതികളെ മറികടന്ന് 1990 ല്‍ കേരള സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് റാബിയ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.
വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന വെള്ളിലക്കാട്ടിലെ സ്ത്രീകള്‍ക്കായി ചെറുകിട ഉല്‍പ്പാദന യൂണിറ്റ്.വനിത ലൈബ്രറി, യൂത്ത് ക്ലബ് എന്നിവയും റാബിയയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരുന്നു.

ഭിന്നശേഷിക്കാരുടെയും വികലാംഗരുടെയും ക്ഷേമത്തിനുവേണ്ടി ചലനം സംഘടനയുണ്ടാക്കി.

2000 ല്‍ അര്‍ബുദരോഗം ബാധിച്ചെങ്കിലും ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പിന്നീട് 38 ാമത്തെ വയസില്‍ കുളുമുറിയില്‍ തെന്നിവീണ് നട്ടെല്ല് തകര്‍ന്നു. ഇതോടെ കഴുത്തിന് താഴെ ഭാഗികമായി തളരുകയായിരുന്നു. ഏറെ വേദന അനുഭവിച്ച് കിടക്കുമ്പോഴും നോട്ട് ബുക്കില്‍ തന്റെ ഓര്‍മകള്‍ എഴുതി തുടങ്ങി. തുടര്‍ന്ന് ‘നിശബ്ദ നൊമ്പരങ്ങള്‍’ എന്ന പുസ്തകം പൂര്‍ത്തിയാക്കി. ആത്മകഥയായ ‘സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട്’ ഉള്‍പ്പെടെ അവര്‍ നാലുപുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

2014ല്‍ സംസ്ഥാന സര്‍ക്കാറിന്റെ ‘വനിതാരത്‌നം’ അവാര്‍ഡ് നേടിയിരുന്നു.കൂടാതെ 1993-ല്‍ നാഷണല്‍ യൂത്ത് അവാര്‍ഡ് ,സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്,യു.എന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്,മുരിമഠത്തല് ബാവ അവാര്‍ഡ് (മലങ്കര ഓര്‍ത്തഡോക്‌സ് സഭ നല്‍കിയത്),സീതി സാഹിബ് സ്മാരക അവാര്‍ഡ്(2010)
കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം (1999) തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top