‘പൊതിച്ചോറ് സിറ്റൗട്ടില്‍ വച്ചിട്ടുണ്ട് ദയവായി എടുത്തുകൊണ്ടുപോവുക’; കുറിപ്പുമായി വികെ പ്രശാന്ത്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ ‘ഹൃദയപൂര്‍വ്വം’ പദ്ധതിയുടെ ഭാഗമായി ആശുപത്രികളിലേക്കുള്ള പൊതിച്ചോറ് ശേഖരണത്തിനിടെ ഉണ്ടായ അനുഭവം പങ്കുവച്ച് വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത്. ഡിവൈഎഫ്‌ഐ ഊരൂട്ടമ്പലം മേഖലാ കമ്മിറ്റിയുടെ ഭാഗമായുള്ള പൊതിച്ചോറ് ശേഖരത്തിനിടെയാണ് ഗേറ്റില്‍ തൂക്കിയ കുറിപ്പ് ശ്രദ്ധയില്‍പെട്ടത്. പൊതിച്ചോറ് ഉണ്ടാക്കി സിറ്റൗട്ടില്‍ വച്ചിട്ടുണ്ട് എന്നായിരുന്നു ഗേറ്റില്‍ തൂക്കിയ പേപ്പറില്‍ കുറിച്ചിരുന്നത്. സ്വന്തം അത്യാവശ്യങ്ങള്‍ക്കിടിയിലും മറ്റുള്ളവരുടെ വിശപ്പ് മാറ്റാന്‍ ആ വീട്ടുകാര്‍ കാണിച്ച മനസിനെ അഭിനന്ദിച്ചാണ് വികെ പ്രശാന്തിന്റെ ചിത്രം സഹിതം പങ്കുവച്ച കുറിപ്പ്. വീട്ടുകാരെ അഭിവാദ്യം ചെയ്തുകൊണ്ട്, കുറിപ്പിന് വലിയ പ്രതികരണങ്ങളും വരുന്നുണ്ട്.

വികെ പ്രശാന്ത് പങ്കുവച്ച കുറിപ്പിങ്ങനെ.

ഇന്ന് ഹൃദയപൂര്‍വ്വം മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതണം ചെയ്യേണ്ടത് ഡിവൈഎഫ്‌ഐ ഊരൂട്ടമ്പലം മേഖല കമ്മിറ്റിയായിരുന്നു. പിരിയാക്കോട് യൂണിറ്റിലെ സഖാക്കള്‍ മടത്തുവിള പ്രദേശത്ത് പൊതിച്ചോര്‍ ശേഖരിക്കാന്‍ പോയപ്പോള്‍ പൊതിച്ചോര്‍ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റില്‍ ഒരു കുറിപ്പ് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പായിരുന്നു അത്.

‘പൊതിച്ചോര്‍ എടുക്കാന്‍ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോര്‍ തയ്യാറാക്കി സിറ്റ് ഔട്ടില്‍ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയില്‍ പോകുന്നതുകൊണ്ടാണ്ടാണ്’. ഈ നാട് ഇങ്ങനെയാണ് ആശുപത്രിയില്‍ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങള്‍ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാന്‍ ഹൃദയപൂര്‍വ്വം ഭക്ഷണ പൊതികള്‍ നല്‍കുന്ന നാടാണ്… ഹൃദയാഭിവാദ്യങ്ങള്‍

 

Share news
error: Content is protected !!
Scroll to Top